| Sunday, 19th November 2023, 5:26 pm

വെറും മൂന്ന് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍... നഷ്ടമായത് ഐതിഹാസിക റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകമൊന്നാകെ അഹമ്മദാബാദിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ലോക ക്രിക്കറ്റിലെ അതികായര്‍ കൊമ്പുകോര്‍ക്കുന്ന ഫൈനലില്‍ ജയപരാജയങ്ങള്‍ അപ്രവചനീയമാണ്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശര്‍മ – ശുഭ്മന്‍ ഗില്‍ കോംബോയുടെ മറ്റൊരു വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകര്‍ക്ക് പിഴച്ചു. നാല് പന്തില്‍ മൂന്ന് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കി ഗില്‍ പുറത്തായി.

ഗില്‍ പുറത്തായെങ്കിലും തന്റെ പതിവ് രീതികളില്‍ ഒരു മാറ്റവും വരുത്താതെ രോഹിത് ശര്‍മ തകര്‍ത്തടിച്ചു. ഫിയര്‍ലെസ് ക്രിക്കറ്റിങ് ഷോട്ടുകള്‍ ഹിറ്റ്മാന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗത്തില്‍ ചലിച്ചു.

എന്നാല്‍ ടീം സ്‌കോര്‍ 76ല്‍ നില്‍ക്കവെ രോഹിത് പുറത്തായി. 31 പന്തില്‍ അര്‍ധ സെഞ്ച്വറിക്ക് വെറും മൂന്ന് റണ്‍സകലെ നില്‍ക്കവെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ട്രാവിസ് ഹെഡിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. നാല് ബൗണ്ടറിയും മൂന്ന് സിക്‌സറുമായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഫൈനലില്‍ 47 റണ്‍സിന് പുറത്തായതോടെ അര്‍ധ സെഞ്ച്വറി മാത്രമല്ല മറ്റ് പല റെക്കോഡുകളും രോഹിത്തിന് നഷ്ടമായിരുന്നു. 2023 ലോകകപ്പിലെ 600 റണ്‍സ് നേട്ടം എന്ന റെക്കോഡാണ് ഇതില്‍ ആദ്യത്തേത്.

ഈ ലോകകപ്പിലെ 11 മത്സരത്തില്‍ നിന്നും 54.27 എന്ന ശരാശരിയിലും 125.94 എന്ന സ്‌ട്രൈക്ക് റേറ്റിലും 597 റണ്‍സാണ് രോഹിത് നേടിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.

2023 ലോകകപ്പില്‍ 600 റണ്‍സ് നേട്ടം സ്വന്തമാക്കാന്‍ സാധിക്കാതെ പോയതോടെ പല ഐതിഹാസിക റെക്കോഡുകളും രോഹിത്തിന് കയ്യെത്തും ദൂരത്ത് നിന്ന് നഷ്ടപ്പെട്ടിരുന്നു.

ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ട് തവണ 600 റണ്‍സ് മാര്‍ക് പിന്നിടുന്ന ആദ്യ താരം എന്ന നേട്ടമാണ് ഇതില്‍ പ്രധാനം. 2019 ലോകകപ്പില്‍ 648 റണ്‍സ് നേടി ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരനായാണ് രോഹിത് ചരിത്രമെഴുതിയത്.

ഇതിന് പുറമെ തുടര്‍ച്ചയായ ലോകകപ്പുകളില്‍ 600 റണ്‍സ് മാര്‍ക് പിന്നിടുന്ന ആദ്യ താരം എന്ന നേട്ടവും ഇതോടെ രോഹിത്തിന് നഷ്ടമായി.

ലോകകപ്പിന്റെ 48 ചരിത്രത്തില്‍ ഒരു എഡിഷനില്‍ 600 റണ്‍സ് മാര്‍ക് പിന്നിടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും ഇതോടെ രോഹിത്തിന് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായി.

ഓസ്ട്രലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് മാത്രമാണ് ഇതിലെ ആദ്യ രണ്ട് റെക്കോഡുകളും സ്വന്തമാക്കാന്‍ സാധ്യതയുള്ളത്.

ഈ ലോകകപ്പില്‍ ഇതുവരെ 528 റണ്‍സ് നേടിയ വാര്‍ണറിന് ഫൈനലില്‍ 78 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ ഈ രണ്ട് റെക്കോഡുകളും കൈപ്പിടിയിലൊതുക്കാനും രോഹിത്തിനെ മറികടന്ന് റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും സാധിക്കും.

അതേസമയം, ഇന്ത്യക്ക് ആറാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. 107 പന്തില്‍ 66 റണ്‍സ് നേടിയ കെ.എല്‍. രാഹുലിനെയാണ് ഇന്ത്യക്ക് അവസാനമായി നഷ്ടമായത്.

നിലവില്‍ 42 ഓവര്‍ പിന്നിടുമ്പോള്‍ 207 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 16 പന്തില്‍ പത്ത് റണ്‍സുമായി സൂര്യകുമാര്‍ യാദവും മൂന്ന് പന്തില്‍ നാല് റണ്‍സുമായി മുഹമ്മദ് ഷമിയുമാണ് ഇന്ത്യക്കായി ക്രീസില്‍.

Content highlight: Rohit Sharma failed to achieve 600 runs in the 2023 World Cup

We use cookies to give you the best possible experience. Learn more