രണ്ട് ഗോട്ടുകള്‍, ഒരേ വേള്‍ഡ് കപ്പ് റെക്കോഡുകള്‍; വാര്‍ണറിനൊപ്പം ഇതിഹാസനേട്ടത്തില്‍ ഹിറ്റ്മാന്‍
icc world cup
രണ്ട് ഗോട്ടുകള്‍, ഒരേ വേള്‍ഡ് കപ്പ് റെക്കോഡുകള്‍; വാര്‍ണറിനൊപ്പം ഇതിഹാസനേട്ടത്തില്‍ ഹിറ്റ്മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th October 2023, 8:02 pm

ലോകകപ്പ് ചരിത്രത്തില്‍ ഐതിഹാസിക നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അഫ്ഗാനിസ്ഥാനെതിരായ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെയാണ് രോഹിത്തിനെ തേടി വേള്‍ഡ് കപ്പ് റെക്കോഡെത്തിയത്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരം എന്ന റെക്കോഡാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റ് കണ്ട മികച്ച താരങ്ങളിലൊരാളായ ഹിറ്റ്മാന്‍ സ്വന്തമാക്കിയത്.

വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ഗോട്ട് ഓപ്പണര്‍ എന്ന് വിളിക്കാന്‍ താന്‍ സര്‍വധാ യോഗ്യനാണെന്ന് തെളിയിച്ചുകൊണ്ടാണ് തന്റെ 19ാം ലോകകപ്പ് ഇന്നിങ്‌സില്‍ രോഹിത് മില്ലേനിയം തികച്ചത്. ഇതേ വിളിപ്പേരിന് അര്‍ഹനായ ഡേവിഡ് വാര്‍ണറും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ഓസീസ് ഓപ്പണറും തന്റെ 19ാം ഇന്നിങ്‌സിലാണ് കരിയര്‍ മൈല്‍സ്റ്റോണ്‍ സ്വന്തമാക്കിയത്.

ഇന്ത്യന്‍ നിരയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് മാത്രം താരമാണ് രോഹിത് ശര്‍മ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, സൗരവ് ഗാംഗുലി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.

അഫ്ഗാനിസ്ഥാനെ തച്ചുതകര്‍ത്ത് മുന്നേറുന്ന രോഹിത് ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ ലെജന്‍ഡ് സൗരവ് ഗാംഗുലിയെയും മറികടന്നിരുന്നു. 21 ഇന്നിങ്‌സില്‍ നിന്നും 1,006 റണ്‍സായിരുന്നു ഗാംഗുലിയുടെ സമ്പാദ്യം.

നിലവില്‍ 1,079 റണ്‍സാണ് ലോകകപ്പില്‍ നിന്നുമാത്രമായി രോഹിത് സ്വന്തമാക്കിയത്.

അതേസമയം, അഫ്ഗാനിതെരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ലോകകപ്പില്‍ രോഹിത്തിന്റെ ഏഴാം സെഞ്ച്വറിയും ഏകദിനത്തില്‍ താരത്തിന്റെ 31ാം സെഞ്ച്വറിയുമാണിത്.

63 പന്തില്‍ നിന്നും 12 ബൗണ്ടറിയുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെയാണ് രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 158.73 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് റണ്ണടിച്ചുകൂട്ടിയത്.

നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയുടെയും സൂപ്പര്‍ താരം അസ്മത്തുള്ള ഒമറാസിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്കുയര്‍ന്നത്. ഷാഹിദി 88 പന്തില്‍ 80 റണ്‍സ് നേടിയപ്പോള്‍ 69 പന്തില്‍ 62 റണ്‍സായിരുന്നു ഒമറാസിയുടെ സംഭാവന.

 

ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ പത്ത് ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും നേടി. കുല്‍ദീപ് യാദവും ഷര്‍ദുല്‍ താക്കൂറുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം മുഹമ്മദ് സിറാജിനും സ്റ്റാര്‍ ഓള്‍ റൗണ്‍ര്‍ രവീന്ദ്ര ജഡേജക്കും വിക്കറ്റൊന്നും തന്നെ സ്വന്തമാക്കാന്‍ സാധിച്ചില്ല.

 

Content highlight: Rohit Sharma equals David Warner’s record of fastest 1,000 runs in World Cup