| Friday, 27th September 2024, 12:18 pm

രോഹിത്തിന്റെ തീരുമാനം എന്നെ അത്ഭുതപ്പെടുത്തി; തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് കാണ്‍പൂരില്‍ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ബാറ്റിങ്ങിന് അനുയോജ്യമായ പിച്ചില്‍ ബൗളിങ് തെരഞ്ഞെടുത്തതിനെക്കുറിച്ച് കമന്റേറ്റര്‍ ആകാശ് ചോപ്രയും മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍.പി. സിങ്ങും ചോദ്യം ചെയ്തിരുന്നു.

‘റണ്‍സ് ലഭിക്കുന്ന പിച്ച് ആയതിനാല്‍ ഞാന്‍ ഈ തീരുമാനത്തില്‍ ആശ്ചര്യപ്പെടുന്നു, രോഹിത് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ആദ്യ മണിക്കൂര്‍ അല്‍പ്പം ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് എനിക്കറിയാം, ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ഒന്നോ രണ്ടോ വിക്കറ്റ് നഷ്ടമായേക്കാം, പക്ഷേ ഹോം ടീമെന്ന നിലയില്‍ നിങ്ങള്‍ സ്വീകരിക്കേണ്ട വെല്ലുവിളി കാണ്‍പൂരില്‍ ബാറ്റിങ് എല്ലായ്പ്പോഴും എളുപ്പമാണ് എന്നതാണ്,’ ആകാശ് ചോപ്ര ജിയോ സിനിമയില്‍ പറഞ്ഞു.

മുന്‍ പേസര്‍ ആര്‍.പി. സിങ്ങും ആകാശിനോട് യോജിച്ച് സംസാരിച്ചിരുന്നു.

‘കാണ്‍പൂരില്‍ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് കാണുമ്പോള്‍ ആകാശ് ഭായ് പറഞ്ഞത് ശരിയാണ്. കാലാവസ്ഥ നല്ലതല്ലെന്ന് എനിക്കറിയാം, പക്ഷെ ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്നത് എല്ലായിപ്പോഴും മികച്ച ആശയമാണ്, ‘അദ്ദേഹം പറഞ്ഞു.

എന്നാല്‍ ടോസ് നേടിയ രോഹിത് പിച്ച് അല്‍പ്പം മൃദുലമാണെന്നും അന്തരീക്ഷം മൂടിക്കെട്ടിയതാണെന്നും ഇത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഗുണമാണെന്നുമാണ് പറഞ്ഞത്.

‘ഇത് സാധാരണ കാണ്‍പൂര്‍ പിച്ചല്ല, കാരണം അതില്‍ പുല്ല് മൂടിയിരിക്കുന്നു, കൂടാതെ ട്രാക്കില്‍ മൃദുത്വമുണ്ട്. എന്റെ ബൗളര്‍മാര്‍ ബാറ്റര്‍മാരെ നേരിടാന്‍ ആഗ്രഹിക്കുന്നു,’അദ്ദേഹം രവി ശാസ്ത്രിയോട് പറഞ്ഞു.

അതേസമയം മത്സരം പുരോഗമിക്കുമ്പോള്‍ 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ഓപ്പണര്‍ സാക്കിര്‍ ഹസനെ പൂജ്യം റണ്‍സിന് പുറത്താക്കി ആകാശ് ദീപാണ് വിക്കറ്റ് വേട്ടയ്ക്ക് കുടക്കമിട്ടത്.പിന്നീട് ഷദ്മാന്‍ ഇസ്‌ലാമിനെ 24 റണ്‍സിനും പറഞ്ഞയച്ച് ആകാശ് രണ്ടാം വിക്കറ്റും നേടി. നിലവില്‍ 10 റണ്‍സ് നേടിയ മൊനീമുള്‍ ഹഖും 21 ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയുമാണ് ക്രീസില്‍.

ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത്, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

Content Highlight: Rohit Sharma Elected Bowl First In Second Test Against Bangladesh

We use cookies to give you the best possible experience. Learn more