ഏറെ നാളത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ചാണ് ഇന്ത്യ ടി-20 കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന കിരീട വരള്‍ച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവസാനിപ്പിച്ചത്.
ഈ വിജയത്തിന് പിന്നാലെ അപെക്‌സ് ബോര്‍ഡ് ഇന്ത്യന്‍ ടീമിനും കോച്ച് രാഹുല്‍ ദ്രാവിഡിനും അടക്കം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സ്‌ക്വാഡിലെ 15 താരങ്ങള്‍ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതവും ശേഷിക്കുന്ന തുക സപ്പോര്‍ട്ട് സ്റ്റാഫുകള്‍ അടക്കമുള്ളവര്‍ക്കുമായി നല്‍കാനായിരുന്നു അപെക്‌സ് ബോര്‍ഡ് തീരുമാനിച്ചത്.
ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് കോച്ചുകള്‍ക്ക് 2.5 കോടി രൂപ വീതവും കണ്ടീഷനിങ് കോച്ചിനും ഫിസിയോക്കും രണ്ട് കോടി രൂപ വീതവുമാണ് പാരിതോഷികമായി ലഭിക്കുക. പക്ഷേ സ്‌ക്വാഡിനൊപ്പമുണ്ടായിരുന്ന മറ്റ് സ്റ്റാഫുകള്‍ക്ക് ഇത്രത്തോളം തുക ലഭിച്ചിരുന്നില്ല.
എന്നാല്‍ ഇക്കാര്യം അറിഞ്ഞതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെടുത്ത തീരുമാനമാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്. സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്ക് കുറച്ചുകൂടി ഉയര്‍ന്ന തുക ലഭിക്കുന്നതിനായി തനിക്ക് ലഭിച്ച 5 കോടി രൂപ വേണ്ടെന്ന് വെച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ഈ തുക സ്റ്റാഫുകള്‍ക്ക് പങ്കുവെച്ചുനല്‍കാനാണ് ക്യാപ്റ്റന്‍ താത്പര്യപ്പെടുന്നത്.
‘125 കോടി രൂപ സമ്മാനമായി വിതരണം ചെയ്തപ്പോള്‍ രോഹിത് ശര്‍മ ശബ്ദമുയര്‍ത്തിയിരുന്നു. സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് ഇത്രയും കുറച്ച് പണം മാത്രം ലഭിക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനായി അദ്ദേഹത്തിന് ലഭിച്ച അഞ്ച് കോടി രൂപ ഞങ്ങള്‍ക്കായി ഉപേക്ഷിക്കാന്‍ വരെ അദ്ദേഹം തയ്യാറായി,’ സപ്പോര്‍ട്ട് സ്റ്റാഫുകളില്‍ ഒരാള്‍ ദൈനിക് ജാഗരണിനോട് പറഞ്ഞു.
താരത്തിന്റെ ഈ പ്രവൃത്തിയില്‍ ആരാധകരും ഏറെ സന്തുഷ്ടരാണ്. ഒരു ലീഡര്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാകണമെന്നും രോഹിത് വളരെ നല്ല മനസിനുടമയാണെന്നും ആരാധകര്‍ പറയുന്നു.
ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ഇത്തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തനിക്ക് നല്‍കിയ അഞ്ച് കോടിയില്‍ നിന്നും രണ്ടരക്കോടി രൂപ കുറയ്ക്കണെന്നും മറ്റ് കോച്ചുകള്‍ക്ക് നല്‍കിയതുപോലെ 2.5 കോടി രൂപ നല്‍കിയാല്‍ മതിയെന്നുമാണ് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്.
ബൗളിങ് കോച്ച് പരസ് മാംബെറി, ഫീല്‍ഡിങ് കോച്ച് ടി. ദിലീപ്, ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ എന്നിവര്‍ക്കാണ് രണ്ടരക്കോടി ലോകകപ്പ് ബോണസായി നല്‍കിയിരുന്നത്.
മൂവര്‍ക്കും നല്‍കിയതുപോലെത്തന്നെ തനിക്കും മതിയെന്നും രണ്ടരക്കോടി രൂപ കുറയ്ക്കണമെന്നുമുള്ള ദ്രാവിഡിന്റെ ആവശ്യം അപെക്‌സ് ബോര്‍ഡ് അംഗീകരിച്ചു. ദ്രാവിഡിന്റെ വികാരങ്ങളെ മാനിക്കുന്നുവെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ അറിയിച്ചു.
മുന്‍പും ദ്രാവിഡ് ഈ വിഷയത്തില്‍ മാതൃക കാണിച്ചിട്ടുണ്ട്. ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ 2018ല്‍ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയിരുന്നു. അന്ന് 50 ലക്ഷം രൂപയാണ് ബി.സി.സി.ഐ. പാരിതോഷികം പ്രഖ്യാപിച്ചത്. സപ്പോര്‍ട്ടിങ് സ്റ്റാഫിന് 20 ലക്ഷവും പ്രഖ്യാപിച്ചു.
എന്നാല്‍ എല്ലാവര്‍ക്കും തുല്യപ്രതിഫലം ലഭിക്കണമെന്ന് ദ്രാവിഡ് വാദിച്ചു. ഇതോടെ ഓരോരുത്തര്‍ക്കും 30 ലക്ഷം വീതം നല്‍കി.
Also Read വമ്പന്‍ തോല്‍വിക്ക് ശേഷവും ഇന്ത്യ സെമിയിലേക്ക്; എതിരാളികള്‍ നേരത്തെ പരാജയപ്പെടുത്തിയവര്‍!
Also Read അവന് വേണ്ടി ഞങ്ങൾക്ക് ഈ കോപ്പ അമേരിക്ക കിരീടം നേടണം: ലയണൽ മെസി
Content highlight: Rohit Sharma ditches bonus for equal pay among support staff