| Friday, 17th December 2021, 8:56 am

ആ സ്ഥാനത്തിന് അവന്‍ എന്തുകൊണ്ടും യോഗ്യനാണ്; കോഹ്‌ലിയുടെ പത്രസമ്മേളനത്തിന് ശേഷം പ്രതികരിച്ച് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍ സ്ഥാനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളിലും വിവാദങ്ങളിലും പല തവണ ഉയര്‍ന്നു കേട്ട പേരായിരുന്നു
ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടേത്. നായകസ്ഥാനം നഷ്ടപ്പെട്ട ശേഷം കോഹ്‌ലി നടത്തിയ പത്രസമ്മേളനവും ഗാംഗുലിക്ക് ഒരു വില്ലന്‍ പരിവേഷം നല്‍കിയിരുന്നു.

ഇപ്പോഴിതാ രോഹിത് ശര്‍മ ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന് അര്‍ഹനാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാംഗുലി. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

‘അവന്‍ ആ സ്ഥാനം തീര്‍ച്ചയായും അംഗീകരിക്കുന്നുണ്ട്. കാരണം ക്യാപ്റ്റന്‍ എന്ന നിലയില്‍ അവന്‍ ടീമിന് നേടിക്കൊടുത്തെല്ലാം തന്നെ നാം കണ്ടതല്ലേ. ആറ് ഐ.പി.എല്‍ കിരീടമാണ് രോഹിത് നേടിയത്, അഞ്ചെണ്ണം മുംബൈയ്‌ക്കൊപ്പവും ഒന്ന് ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള അവന്റെ കഴിവ് അപാരമാണ്.

വിരാട് ടി-20 നായകസ്ഥാനം ഉപേക്ഷിക്കുകയാണ് എന്ന് തീരുമാനിച്ചപ്പോള്‍ നായകസ്ഥാനത്തേക്ക് ഇതിലും മികച്ച ഒരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. ന്യൂസിലാന്റിനെ 3-0ന് തോല്‍പിച്ച് മികച്ച രീതിയല്‍ തന്നെയാണ് രോഹിത് തുടങ്ങിയതും. ഈ വര്‍ഷം കണ്ടതിനേക്കാള്‍ മികച്ച പ്രകടനമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ താംഗുലി പറഞ്ഞു.

2017 ചാമ്പ്യന്‍സ് ട്രോഫിയിലും 2019 ലോകകപ്പിലും ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയതെന്നും ഗാംഗുലി പറയുന്നു. ഒറ്റ ദിവസത്തെ നിര്‍ഭാഗ്യമാണ് 2019ല്‍ ഇന്ത്യയുടെ എല്ലാ പ്രയത്‌നങ്ങളെയും വെറുതെയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ 2021 ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം പാടെ നിരാശപ്പെടുത്തിയെന്നും ഗാംഗുലി വ്യക്തമാക്കി. കഴിഞ്ഞ 4-5 വര്‍ഷക്കാലത്തെ ഏറ്റവും മോശം പ്രകടനമായിരുന്നു ടി-20 ലോകകപ്പില്‍ കാഴ്ചവെച്ചത് എന്നാണ് ഗാംഗുലിയുടെ അഭിപ്രായം.

കഴിഞ്ഞ കുറച്ചു കാലമായി ബി.സി.സി.ഐയും കോഹ്‌ലിയും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. ഇക്കാര്യം കൊണ്ടാണ് കോഹ്‌ലിയെ മാറ്റി ബി.സി.സി.ഐയ്ക്കും ഗാംഗുലിക്കും സര്‍വധാസ്വീകാര്യനായ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് പ്രതിഷ്ഠിച്ചത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്നും മാറ്റാനും പകരം തന്നെ നിയമിക്കാനും രോഹിത് ശര്‍മയും ചില കളികള്‍ കളിച്ചിരുന്നുവെന്നും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:Rohit Sharma deserves ODI captaincy: Sourav Ganguly makes a BIG statement

We use cookies to give you the best possible experience. Learn more