|

വിരാടിന് നായകസ്ഥാനത്ത് നിന്നും പുറത്തേക്കുള്ള വഴിയൊരുക്കിയത് രോഹിത് ശര്‍മ: റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ വഴിയൊരുക്കിയത് രോഹിത് ശര്‍മയാണെന്ന് പുതിയ വെളിപ്പെടുത്തല്‍. കോഹ്‌ലി ഉപേക്ഷിച്ച ടി-20 ടീമിന്റെ നായകസ്ഥാനമേറ്റെടുക്കണമെങ്കില്‍ ഏകദിന ക്യാപ്റ്റന്‍സി കൂടി തനിക്ക് നല്‍കണമെന്ന രോഹിത് ശര്‍മയുടെ വാശിയാണ് വിരാടിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ കാരണമായതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

ഏകദിന ടീമിന്റെ നായകസ്ഥാനം കൂടി തനിക്ക് നല്‍കിയാല്‍ മാത്രമേ ടി-20 ടീമിന്റെ നായക പദവി താന്‍ ഏറ്റെടുക്കൂ എന്ന് രോഹിത് ശര്‍മ ബി.സി.സി.ഐയെ അറിയിച്ചിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിരാടിനെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് രോഹിത് ശര്‍മ നായകസ്ഥാനം ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന പുതിയ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്.

കുട്ടിക്രിക്കറ്റിന്റെ ക്യാപ്റ്റന്‍ ആവണമെങ്കില്‍ ഏകദിന ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനം കൂടി വേണമെന്ന ആവശ്യം രോഹിത് തന്നെയാണ് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിരാടിനെ നായകസ്ഥാനത്ത് നിന്നും ഒഴിവാക്കിയതാണെന്നുമുള്ള വാര്‍ത്തകള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. 48 മണിക്കൂറിനകം നായകസ്ഥാനം ഒഴിയാനായിരുന്നു ബി.സി.സി.ഐ വിരാടിന് നിര്‍ദേശം നല്‍കിയിരുന്നത്.

എന്നാല്‍ നിര്‍ദേശത്തോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതെന്നാണ് ബി.സി.സി.ഐ നല്‍കുന്ന വിശദീകരണം.

വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഒരു നായകന്‍ മതിയെന്ന സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും കോഹ്‌ലിയെ മാറ്റുകയും പകരം രോഹിത്തിനെ നിയമിച്ചതും എന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി മുന്‍പേ വ്യക്തമാക്കിയിരുന്നു.

‘ടി-20യിലും ഏകദിനത്തിലും വെവ്വേറെ ക്യാപ്റ്റന്‍മാരെ നിയമിക്കുന്നതില്‍ ബി.സി.സി.ഐയ്ക്ക് താല്‍പര്യമില്ലായിരുന്നു. നമ്മളെ സംബന്ധിച്ച് നേതൃപാടവത്തില്‍ സ്ഥിരത വേണം. വലിയ ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി നമുക്ക് ജയിക്കാനാകുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം,’ ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.

സെലക്ടര്‍മാര്‍ രോഹിത് ശര്‍മയില്‍ വിശ്വാസമര്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കോഹ്‌ലിയെക്കൂടാതെ പരിശീലകനായ രാഹുല്‍ ദ്രാവിഡുമായും ബി.സി.സി.ഐ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തെ കുറിച്ച് കോഹ്‌ലിക്ക് ധാരണയുണ്ടായിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. നായകസ്ഥാനം ഏറ്റെടുത്ത രോഹിത്തിന് ആശംസകള്‍ നേരാത്തത് ഇക്കാരണം കൊണ്ടാണെന്നും വാര്‍ത്തകളുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rohit Sharma demanded ODI captaincy in order to take T20 captiancy; Reports