ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെടുത്തി ഓസീസ് ടെസ്റ്റ് രാജാക്കന്മാരായിരുന്നു. ഫൈനലില്‍ 209 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. അവസാന ഇന്നിങ്‌സില്‍ 444 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് വെച്ചപ്പോള്‍ 234 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്.
ഫൈനലിന്റെ നാലാം ദിവസം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് നാലാം ദിവസം തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
സ്‌കോട് ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. ഈ വിക്കറ്റിന് പിന്നാലെ നിരവധി വിവാദങ്ങളും ഉടലെടുത്തിരുന്നു. ഗ്രീനെടുത്ത ക്യാച്ച് ഗ്രൗണ്ടില്‍ തട്ടിയിരുന്നു. എന്നാല്‍ മൂന്നാം അമ്പയര്‍ ഓസീസിന് അനുകൂലമായി വിധിയെഴുതുകയും ഗില്‍ പുറത്താവുകയുമായിരുന്നു.
തേര്‍ഡ് അമ്പയറിന്റെ ഈ തീരുമാനത്തെ കൂവലുകളോടെയാണ് സ്‌റ്റേഡിയത്തിലെ ആരാധകര്‍ സ്വീകരിച്ചത്. രോഹിത് ശര്‍മയും ഗില്ലും ഈ തീരുമാനത്തില്‍ തൃപ്തരായിരുന്നില്ല. തേര്‍ഡ് അമ്പയറിന്റെ ഈ തീരുമാനത്തിന് പിന്നാലെ വിരേന്ദര്‍ സേവാഗ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
മത്സരശേഷവും അമ്പയറിന്റെ ഈ തീരുമാനത്തില്‍ നിരാശ പ്രകടപ്പിക്കുകയാണ് രോഹിത് ശര്‍മ. പോസ്റ്റ് മാച്ച് കോണ്‍ഫറന്‍സിലാണ് രോഹിത് തന്റെ വിയോജിപ്പ് വീണ്ടും പ്രകടമാക്കിയത്.
‘എനിക്ക് വളരെയധികം നിരാശ തോന്നി. തേര്‍ഡ് അമ്പയര്‍ കുറച്ച് റീപ്ലേകള്‍ കൂടി കാണണമായിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ ആ ക്യാച്ച് എങ്ങനെയായിരുന്നു എടുത്തതെന്ന്. അദ്ദേഹം മൂന്നോ നാലോ തവണ മാത്രമാണ് അത് കണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. അതില്‍ തന്നെ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു.
ഇത് ഔട്ടാണോ നോട്ട് ഔട്ടാണോ എന്നതിനെ കുറിച്ചല്ല പ്രശ്‌നം, എന്തിനെക്കുറിച്ചും ക്യത്യമായ വിവരങ്ങള്‍ നമുക്കുണ്ടായിരിക്കണം. ആ ക്യാച്ചിനെ കുറിച്ച് മാത്രമല്ല എന്തിനെ കുറിച്ചും ആകാം. എന്നാല്‍ അദ്ദേഹം വേഗത്തില്‍ തീരുമാനമെടുത്തത് എന്നെ അല്‍പം നിരാശനാക്കിയ കാര്യമാണ്.
അത്തരത്തിലൊരു ക്യാച്ചെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് അതിനെ കുറിച്ച് നൂറ് ശതമാനം ഉറപ്പുണ്ടായിരിക്കണം. കാരണം ഇത് ഫൈനലാണ്, ഇത് അത്രത്തോളം പ്രധാനപ്പെട്ട ഒരു മത്സരമാണ്. ഞങ്ങളും ഗെയിമിന്റെ സുപ്രധാന ഘട്ടത്തിലായിരുന്നു. അതുകൊണ്ടുതന്നെ അത് കൂടുതല്‍ നിരാശജനകമായി. കൂടുതല്‍ ക്യാമറ ആംഗിളുകള്‍ കാണിക്കേണ്ടിയിരുന്നു.
ഇവിടെ ഒന്നോ രണ്ടോ ക്യാമറ ആംഗിളുകള്‍ മാത്രമാണ് കാണിച്ചിട്ടുള്ളത്. ഐ.പി.എല്ലില്‍ ഇതില്‍ കൂടുതല്‍ ക്യാമറ ആംഗിളുകള്‍ ഞങ്ങള്‍ക്കുണ്ട്. ഐ.പി.എല്ലില്‍ പത്ത് വ്യത്യസ്ത ക്യാമറ ആംഗിളുകളുണ്ട്.
ഇതുപോലുള്ള ഒരു വേള്‍ഡ് ഇവന്റില്‍ എന്തുകൊണ്ടാണ് അള്‍ട്രാ മോഷന്‍ പോലെ ഒരു സംവിധാനമില്ലാത്തത് എന്നെനിക്ക് മനസിലാവുന്നില്ല. സൂം ചെയ്ത ഇമേജും കാണിച്ചിരുന്നില്ല. ഇത് കുറച്ച് നിരാശയുണ്ടാക്കി,’ രോഹിത് ശര്‍മ പറഞ്ഞു.
Content Highlight: Rohit Sharma Criticize Third Umpire For Controversial Decision On Shubman Gill’s Dismissal