| Thursday, 12th October 2023, 6:40 pm

വിരാടൊന്നും ചിത്രത്തിലേ ഇല്ല; അറിയപ്പെടാതെ പോയ റെക്കോഡ്, ഇനി വരുന്നവര്‍ക്കും ആ സിംഹാസനം ഏറെ ദൂരെ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ഇന്ത്യ വിജയം ആഘോഷിച്ചിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും ഹോം ടൗണ്‍ ഹീറോ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. ഈ വിജയത്തോടെ ന്യൂസിലാന്‍ഡിന് പുറകില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ.

84 പന്തില്‍ 131 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യ ഇന്നിങ്‌സിനെ മുമ്പില്‍ നിന്നും നയിച്ചത്. 16 ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.

ഈ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ പല റെക്കോഡുകളും രോഹിത്തിനെ തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം, ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടുന്ന താരം, ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം തുടങ്ങി ഒരുപിടി റെക്കോഡുകളാണ് രോഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

എന്നാല്‍ അധികമാരും ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരു റെക്കോഡ് നേട്ടത്തിലും കഴിഞ്ഞ ദിവസം രോഹിത് ഒന്നാമതെത്തിയിരുന്നു. ഒന്നാം സ്ഥാനത്തുള്ള തന്റെ തന്നെ റെക്കോഡ് തിരുത്തിയാണ് രോഹിത് വീണ്ടും ചരിത്രം കുറിച്ചത്.

ഏറ്റവുമധികം തവണ ഒരു ഇന്നിങ്‌സില്‍ അഞ്ചോ അതിലധികമോ സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലാണ് രോഹിത് തന്റെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. കരിയറില്‍ ഇത് 32ാം തവണയാണ് രോഹിത് ഒരു മത്സരത്തില്‍ അഞ്ചോ അതിലധികമോ സിക്‌സര്‍ നേടുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ ലെജന്‍ഡ് വിരേന്ദര്‍ സേവാഗിനേക്കാളും എത്രയോ മുമ്പിലാണ് രോഹിത്.

ഏറ്റവുമധികം തവണ ഒരു ഇന്നിങ്‌സില്‍ അഞ്ചോ അതിലധികമോ സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

രോഹിത് ശര്‍മ – 32

വിരേന്ദര്‍ സേവാഗ് – 10

യുവരാജ് സിങ് – 9

എം.എസ്. ധോണി – 8

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 8

വിരാട് കോഹ്‌ലി -8

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം എന്ന റെക്കോഡ് ക്രിസ് ഗെയ്‌ലിനെ മറികടന്നുകൊണ്ട് രോഹിത് സ്വന്തമാക്കിയിരുന്നു. 556 സിക്‌സറാണ് നിലവില്‍ രോഹിത്തിന്റെ പേരിലുള്ളത്. 553 സിക്‌സറാണ് രണ്ടാം സ്ഥാനത്തുള്ള ഗെയ്ല്‍ തന്റെ കരിയറില്‍ അടിച്ചുകൂട്ടിയത്.

ടെസ്റ്റില്‍ നിന്ന് 77 സിക്സര്‍ നേടിയ രോഹിത് ഏകദിനത്തില്‍ നിന്ന് 292 സിക്സറും ടി-20യില്‍ നിന്ന് 348 സിക്സറുമാണ് സ്വന്തമാക്കിയത്.

ഇനിയുള്ള മത്സരത്തിലും രോഹിത് തന്റെ മിന്നും ഫോം തുടരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഒക്ടോബര്‍ 14നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

Content Highlight: Rohit Sharma creates yet another record

Latest Stories

We use cookies to give you the best possible experience. Learn more