സിക്‌സര്‍ കിങ് രോഹിത്; ചരിത്ര റെക്കോഡുകള്‍ എല്ലാം പോക്കറ്റിലാക്കി
Cricket
സിക്‌സര്‍ കിങ് രോഹിത്; ചരിത്ര റെക്കോഡുകള്‍ എല്ലാം പോക്കറ്റിലാക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th November 2023, 3:12 pm

ഐ.സി.സി ഏകദിന ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഓപ്പണിങ്ങില്‍ ശുഭ് മന്‍ ഗില്ലും തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യന്‍ ടീമിന് നല്‍കിയത്. മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 29 പന്തില്‍ 47 റണ്‍സ് നേടി ആയിരുന്നു മികച്ച പ്രകടനം നടത്തിയത്. നാല് ഫോറുകളുടെയും നാല് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ഇന്ത്യന്‍ ഇന്നിങ്‌സ് 8.2 ഓവറില്‍ 71 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു രോഹിത് പുറത്തായത്. ടിം സൗത്തിയുടെ പന്തില്‍ കെയ്ന്‍ വില്യംസണ്‍ എടുത്ത ക്യാച്ചിലൂടെയാണ് രോഹിത് പുറത്തായത്.

ഈ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ചരിത്രപരമായ നേട്ടത്തിലേക്കാണ് രോഹിത് നടന്നുകയറിയത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരവും ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ തരാമെന്ന പുതിയ നാഴികകല്ലാണ് ഇന്ത്യന്‍ നായകന്‍ പിന്നിട്ടത്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങള്‍

(താരം, സിക്‌സറുകളുടെ എണ്ണം, ഇന്നിങ്സ്)

രോഹിത് ശര്‍മ -50(27)

ക്രിസ് ഗെയ്ല്‍-49(34)

ഗ്ലെന്‍ മാക്‌സ്വെല്‍-43(23)

എ.ബി ഡിവില്ലേഴ്സ്-37(22)

ഡേവിസ് വാര്‍ണര്‍-37(27)

ലോകകപ്പ് ചരിത്രത്തില്‍ 50 സിക്‌സുകള്‍ നേടുന്ന ആദ്യ താരമായി മാറാനും രോഹിത്തിന് സാധിച്ചു. 49 സിക്‌സറുകള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് വെടികെട്ട് ബാറ്റര്‍ ക്രിസ് ഗെയ്‌ലിനെ മറികടന്നു കൊണ്ടായിരുന്നു രോഹിത്തിന്റെ മുന്നേറ്റം.

ഈ ലോകകപ്പില്‍ 27 സിക്‌സുകള്‍ ആണ് രോഹിത് നേടിയത്. ഇതിന് പുറമെ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിനു ശേഷം 2000 റണ്‍സും രോഹിത് പിന്നിട്ടു. 44 മത്സരങ്ങളില്‍ നിന്നുമാണ് ഹിറ്റ്മാന്‍ 2000 റണ്‍സ് നേടിയത്.

തുടർച്ചായ ഒമ്പത് വിജയങ്ങളുടെ അപരാജിതവിജയങ്ങളുടെ തലയെടുപ്പോടെയാണ് ഇന്ത്യന്‍ ടീം സെമിയിലേക്ക് മുന്നേറിയത്. അതേസമയം ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവുമായാണ് കിവീസിന്റെ വരവ്.

തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് ന്യൂസിലാന്‍ഡ് ലക്ഷ്യം വെക്കുന്നത്. മറുഭാഗത്ത് 2011 ന് ശേഷം സ്വന്തം ആരാധകരുടെ മുന്നില്‍ മറ്റൊരു ഫൈനല്‍ ആണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുക.

Content Highlight: Rohit sharma creates new records in ICC Worldcup 2023.