| Sunday, 12th November 2023, 3:29 pm

ഗാംഗുലിയെയും മറികടന്നു; ചരിത്രനേട്ടം ഇനി ഹിറ്റ്മാന് സ്വന്തം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യയും നെതര്‍ലന്‍ഡ്സും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്.

അതേസമയം ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായ നെതര്‍ലന്‍ഡ്സ് ഒരു അട്ടിമറി വിജയം ലക്ഷ്യം വെച്ചാണ് ഇന്ത്യക്കെതിരെ അണിനിരക്കുന്നത്.

ടോസ് നേടിയ ഇന്ത്യന്‍ ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും മികച്ച തുടക്കമാണ് ഇന്ത്യന്‍ ടീമിന് നല്‍കിയത്.

മത്സരത്തില്‍ ചരിത്രപരമായ നേട്ടം സ്വന്തമാക്കാനും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന ചരിത്ര നേട്ടത്തിലേക്കാണ് രോഹിത് ശര്‍മ നടന്നു കയറിയത്.

2003 ലോകകപ്പില്‍ സൗരവ് ഗാംഗുലി നേടിയ 465 റണ്‍സിന്റെ റെക്കോഡാണ് രോഹിത് പഴംകഥയാക്കിയത്. മത്സരം തുടങ്ങുന്നതിനു മുമ്പ് 442 റണ്‍സായിരുന്നു രോഹിത്തിന്റെ പേരില്‍ ഉണ്ടായിരുന്നത്.

ഈ മത്സരത്തില്‍ 24 റണ്‍സ് കൂടി നേടിയതോടെയാണ് രോഹിത് പുതിയ നാഴികകല്ലില്‍ എത്തിയത്. 54 പന്തിൽ 61 റൺസ് നേടികൊണ്ടായിരുന്നു ഇന്ത്യൻ നായകന്റെ തകർപ്പൻ ഇന്നിങ്‌സ്. എട്ട് ഫോറുകളും ഒരു സിക്സറും പായിച്ചുകൊണ്ടായിരുന്നു രോഹിത്തിന്റെ ബാറ്റിങ്.

ഈ വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ താരവും, ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ക്യാപ്റ്റന്‍, ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടുന്ന ക്യാപ്റ്റന്‍ എന്നീ അവിസ്മരണീയ നേട്ടങ്ങളും രോഹിത് സ്വന്തമാക്കി.

രോഹിതിനൊപ്പം ശുഭ്മന്‍ ഗില്‍ 32 പന്തില്‍ 51 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളുടെയും നാല് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ഗില്ലിന്റെ വെടികെട്ട് ഇന്നിങ്‌സ്.

Content Highlight: Rohit Sharma create record most runs by an Indian captain in a single World Cup edition.

We use cookies to give you the best possible experience. Learn more