| Monday, 1st January 2024, 12:52 pm

ക്രിക്കറ്റിലെ ഒരേയൊരു ഹിറ്റ്മാന്‍; സിക്‌സറുകളിൽ ചരിത്രത്തില്‍ ഒന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 കലണ്ടര്‍ വര്‍ഷത്തില്‍ മിന്നും ഫോമിലായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിച്ചത്. ഇപ്പോഴിതാ 2024 പുതുവര്‍ഷം കടന്നു വന്നിരിക്കുമ്പോള്‍ ഒരു ചരിത്രനേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത്തിനെ തേടിയെത്തിയിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നാല് വ്യത്യസ്തമായ കലണ്ടര്‍ ഇയറില്‍ 50+ സിക്സറുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലേക്കാണ് രോഹിത് നടന്നുകയറിയത്. 2017, 2018, 2019, 2023 എന്നീ വര്‍ഷങ്ങളിലാണ് രോഹിത് 50+ സിക്സറുകള്‍ നേടിയത്.

ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്ല്‍ ആണ്. മൂന്ന് തവണയാണ് ഗെയ്ല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 50ന് മുകളില്‍ സിക്സറുകള്‍ നേടിയത്. 2009, 2012, 2019 എന്നീ കലണ്ടര്‍ ഇയറിലാണ് ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഗെയ്ലിന്റെ ഈ നേട്ടമാണ് ഇന്ത്യന്‍ നായകന്‍ 2023ല്‍ മറികടന്നത്.

കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിലും രോഹിത് സിക്‌സറുകളിലൂടെ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ 50+ സിക്‌സറുകള്‍ നേടുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടമാണ് രോഹിത് സ്വന്തം പേരിലാക്കി മാറ്റിയത്. 49 സിക്‌സുകള്‍ നേടിയ ഗെയ്ലിന്റെ റെക്കോഡ് ആയിരുന്നു രോഹിത് മറികടന്നത്.

രോഹിത്തിന്റെ കീഴില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമായിരുന്നു ലോകകപ്പില്‍ കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ വിജയിച്ചുകൊണ്ടായിരുന്നു രോഹിത്തും സംഘവും സെമിയിലേക്ക് മുന്നേറിയത്. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

അതേസമയം രോഹിത് ശര്‍മ ഇപ്പോള്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ജനുവരി മൂന്നിനാണ് അവസാനത്തെയും മൂന്നാമത്തെയും മത്സരം നടക്കുക. ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Rohit Sharma create new record.

Latest Stories

We use cookies to give you the best possible experience. Learn more