| Monday, 8th April 2024, 11:24 am

ഒരു മാറ്റവുമില്ല, വീണ്ടും അത് സംഭവിച്ചു; നാണക്കേടിൽ മുങ്ങി ഹിറ്റ്മാൻ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യവിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപ്പിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന കൂറ്റന്‍ ടോട്ടലാണ് ക്യാപിറ്റല്‍സിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ്ങില്‍ രോഹിത് ശര്‍മ 27 പന്തില്‍ 49 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ആറ് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് രോഹിത് നേടിയത്. ഒരു റണ്‍സകലയാണ് രോഹിത്തിന് അര്‍ധസെഞ്ച്വറി നഷ്ടമായത്. മത്സരത്തില്‍ ആറാം ഓവറിലെ അവസാന പന്തില്‍ അക്‌സര്‍ പട്ടേല്‍ രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 49 റൺസിന്‌ പുറത്താവുന്ന താരമായി മാറാനാണ് രോഹിത്തിന് സാധിച്ചത്. മൂന്നു തവണയാണ് രോഹിത് ശര്‍മ 49 റണ്‍സിന് പുറത്തായത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 49 റണ്‍സിന് പുറത്തായ താരങ്ങള്‍

രോഹിത് ശര്‍മ-3*

ക്രിസ് ഗെയ്ല്‍-2

ക്രിസ് ലിന്‍-2

ബ്രണ്ടന്‍ മക്കല്ലം-2

സഞ്ജു സാംസണ്‍-2

ഡേവിഡ് വാര്‍ണര്‍-2

രോഹിത്തിന് പുറമേ ഇഷാന്‍ കിഷന്‍ 23 പന്തില്‍ 42 റണ്‍സും നേടി മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. ആറ് ഫോറുകളും മൂന്ന് സിക്സുകളും ആണ് രോഹിത് അടിച്ചെടുത്തത് ഇഷാന്‍ നാല് ഫോറുകളും രണ്ട് സിക്‌സും നേടി.

ടിം ഡേവിഡ് 21 പന്തില്‍ 45 റണ്‍സും നായകന്‍ ഹര്‍ദിക് പാണ്ഡ്യ 33 പന്തില്‍ 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അവസാന ഓവറില്‍ തകര്‍ത്തടി റൊമാരിയോ ഷെപ്പാര്‍ഡും മുംബൈയുടെ വലിയ ടോട്ടലില്‍ നിര്‍ണായകമായി. പത്ത് പന്തില്‍ 39 റണ്‍സാണ് റൊമാരിയോ നേടിയത്. മൂന്ന് ഫോറുകളും നാല് സിക്സുകളും ആണ് താരം നേടിയത്.

ദല്‍ഹി ബാറ്റിങ്ങില്‍ ട്രിസ്റ്റണ്‍ സ്റ്റപ്സ് മൂന്ന് ഫോറുകളും ഏഴ് സിക്‌സും ഉള്‍പ്പെടെ 25 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പ്രിത്വി ഷാ 40 പന്തില്‍ 66 റണ്‍സും അഭിഷേക് പോറല്‍ 31 പന്തില്‍ 41 റണ്‍സും നേടി നിര്‍ണായകമായെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

മുംബൈ ബൗളിങ്ങല്‍ ജെറാഡ് കോട്സി നാല് വിക്കറ്റും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും റൊമാരിയോ ഷെപ്പാര്‍ഡ് ഒരു വിക്കറ്റും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ മുംബൈ ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ഏപ്രില്‍ 11ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ ഹോം ഗ്രൗണ്ട് ആയ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Rohit Sharma create a unwanted record in IPL

We use cookies to give you the best possible experience. Learn more