| Sunday, 19th November 2023, 3:11 pm

ഫൈനല്‍ തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ റെക്കോഡ്; ചരിത്രനേട്ടത്തിന്റെ പുതിയ അവകാശി രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പ് ആവേശകരമായ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. ഏഴ് പന്തില്‍ നാല് റണ്‍സുമായാണ് ഗില്‍ പുറത്തായത്.

മത്സരത്തിനിടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. 31 പന്തില്‍ 47 റണ്‍സാണ് രോഹിത് നേടിയത്. നാല് ഫോറുകളുടെയും മൂന്ന് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു ഇന്ത്യന്‍ നായകന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പന്തില്‍ ട്രാവിസ് ഹെഡിന് ക്യാച്ച് നല്‍കിയായിരുന്നു രോഹിത് പുറത്തായത്.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡ് നേട്ടത്തിലേക്കാണ് രോഹിത് നടന്നുകയറിയത്.

ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിനെ മറികടന്നാണ് രോഹിത് ചരിത്രപരമായ നേട്ടം സ്വന്തം പേരിലാക്കിയത്. പത്ത് മത്സരങ്ങളില്‍ നിന്നും 578 റണ്‍സ് ആയിരുന്നു വില്യംസണ്‍ നേടിയത്. ഇത് മറികടന്നുകൊണ്ടാണ് രോഹിത് മുന്നേറിയത്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ (ക്യാപ്റ്റന്‍, റണ്‍സ് )

രോഹിത് ശര്‍മ- 597

കെയ്ന്‍ വില്യംസണ്‍ -578

മഹേള ജയവര്‍ധനെ-548

റിക്കി പോണ്ടിങ് -539

ആരോണ്‍ ഫിഞ്ച്-507

തുടര്‍ച്ചയായ പത്ത് വിജയങ്ങളുടെ അപരാജിത കുതിപ്പുമായാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയത്. 2011ല്‍ ധോണിക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ മൂന്നാം കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത് അതേസമയം ആറാം ലോക കിരീടം ലക്ഷ്യം വെച്ചാണ് ഓസീസിന്റെ ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്.

Content Highlight: Rohit sharma create a record the most runs by a captain in a single World Cup edition.

We use cookies to give you the best possible experience. Learn more