ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ 24 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയിരുന്നു. ബ്യൂസെജൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
41 പന്തില്‍ 92 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. 224.39 സ്‌ട്രൈക്ക് റേറ്റില്‍ ഏഴ് ഫോറുകളും എട്ട് സിക്‌സുകളുമാണ് താരം നേടിയത്. മത്സരത്തില്‍ ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യന്‍ നായകനെ തേടി എത്തിയിരിക്കുകയാണ്.
ടി-20 ലോകകപ്പില്‍ 10 ഓവറിനുള്ളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ തന്നെ സൂപ്പര്‍ 8ല്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നേടിയ 83 റണ്‍സ് മറികടന്നു കൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്റെ മുന്നേറ്റം.
സൂപ്പര്‍ എട്ടില്‍ അമേരിക്കക്കെതിരെയുള്ള മത്സരത്തില്‍ 38 പന്തില്‍ പുറത്താവാതെ 83 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഈ മത്സരത്തില്‍ 9.4 ഓവറില്‍ ആയിരുന്നു ഇംഗ്ലണ്ട് മത്സരം ഫിനിഷ് ചെയ്തത്.
അതേസമയം രോഹിത്തിന് പുറമേ സൂര്യകുമാര്‍ യാദവ് 16 പന്തല്‍ 31 റണ്‍സും ശിവം ദുബെ 22 പന്തില്‍ 28 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 17 പന്തില്‍ പുറത്താവാതെ 27 റണ്‍സും നേടി നിര്‍ണായകമായി.
ഓസ്‌ട്രേലിയന്‍ ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോണിസ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും നേടി.
ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡ് 43 പന്തില്‍ 76 റണ്‍സും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 28 പന്തില്‍ 37 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും 24 റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.
ഇന്ത്യന്‍ ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റും അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.