തോൽവിയിലും തലയുയർത്തി ഹിറ്റ്മാൻ; അടിച്ചുകയറിയത് ഗെയ്‌ലിന്റെ റെക്കോഡിനൊപ്പം
Cricket
തോൽവിയിലും തലയുയർത്തി ഹിറ്റ്മാൻ; അടിച്ചുകയറിയത് ഗെയ്‌ലിന്റെ റെക്കോഡിനൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th August 2024, 8:49 am

ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കി ശ്രീലങ്ക. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമായിരുന്നു ശ്രീലങ്ക സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യയ്ക്കായി 20 പന്തില്‍ 35 റണ്‍സ് നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്രമാണ് കാര്യമായ പ്രകടനം നടത്തിയത്. ആറ് ഫോറുകളും ഒരു സിക്‌സുമാണ് രോഹിത് നേടിയത്. ഈ ഒറ്റ സിക്‌സ് നേടിയതിന് പിന്നാലെ തകര്‍പ്പന്‍ പ്രകടങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ നേട്ടത്തിനൊപ്പമെത്താനാണ് ഇന്ത്യന്‍ നായകന് സാധിച്ചത്. 257 ഇന്നിങ്സുകളില്‍ നിന്നും 351 സിക്‌സുകളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഗെയ്ല്‍ 294 ഇന്നിങ്സുകളില്‍ നിന്നാണ് ഇത്ര സിക്‌സുകള്‍ നേടിയത്. ഇതോടെ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളില്‍ ഗെയ്ലും രോഹിതും രണ്ടാമതാണ് ഉള്ളത്. മുന്‍ പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷാഹിദ് അഫ്രീദിയാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 369 ഇന്നിങ്സുകളില്‍ നിന്നും 351 സിക്‌സുകളായാണ് അഫ്റടി നേടിയിട്ടുള്ളത്.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ ദുനിത് വെല്ലലഗെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു. ക്യാപ്റ്റന്‍ ചരിത് അസലങ്ക, മഹേഷ് തീക്ഷണ എന്നിവര്‍ രണ്ട് വീതം വിക്കറ്റും അസിത ഫെര്‍ണാണ്ടൊ ഒരു വിക്കറ്റും നേടി ലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായി.

ശ്രീലങ്കയ്ക്കായി ആവിഷ് 102 പന്തില്‍ 96 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്. 82 പന്തില്‍ 59 റണ്‍സ് നേടി കുശാല്‍ മെന്‍ഡീസും 65 പന്തില്‍ 45 റണ്‍സും നേടി പാത്തും നിസങ്കയും മികച്ച പ്രകടനം നടത്തി.

ഇന്ത്യന്‍ ബൗളിങ്ങില്‍ റിയാന്‍ പരാഗ് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Content Highlight: Rohit Sharma Create a New Record in ODI