ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയുടെ നാലാം മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.
ഈ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ തേടിയെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്.
ഇതോടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചു. ഇന്ത്യന്‍ ജേഴ്‌സിയില്‍ 298 മത്സരങ്ങളാണ് രോഹിത് വിജയിച്ചത്.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയാണ്. 313 വിജയങ്ങളാണ് വിരാട് നേടിയത്. രണ്ടാം സ്ഥാനത്തു 307 വിജയങ്ങളുമായി ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണുള്ളത്.
മത്സരത്തില്‍ ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് രോഹിത് നടത്തിയത്. 81 പന്തില്‍ 55 റണ്‍സാണ് രോഹിത് നേടിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
രോഹിത്തിന് പുറമെ യുവതാരം ശുഭ്മന്‍ ഗില്‍ 124 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടി. രണ്ട് സിക്സുകളാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ധ്രൂവ് ജുറെല്‍ 77 പന്തില്‍ പുറത്താവാതെ 39 റണ്‍സും യശ്വസി ജെയ്‌സ്വാള്‍ 44 പന്തില്‍ 37 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
A fantastic victory in Ranchi for #TeamIndia 😎
India clinch the series 3⃣-1⃣ with the final Test to be played in Dharamsala 👏👏
Scorecard ▶️ https://t.co/FUbQ3MhXfH#INDvENG | @IDFCFIRSTBank pic.twitter.com/5I7rENrl5d
— BCCI (@BCCI) February 26, 2024
അതേസമയം രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആര്‍.അശ്വിന്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് യാദവ് നാല് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
15.5 ഓവറില്‍ 51 റണ്‍സ് വിട്ടു നല്‍കിയാണ് അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ നേടിയത്. മറുഭാഗത്ത് കുല്‍ദീപ് യാദവ് 15 ഓവറില്‍ രണ്ട് മെയ്ഡന്‍ 22 റണ്‍സ് വിട്ടുനല്‍കിയാണ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. രവീന്ദ്ര ജഡേജ ആയിരുന്നു ബാക്കിയുള്ള ഒരു വിക്കറ്റ് നേടിയത്.
മാര്‍ച്ച് ഏഴ് മുതല്‍ 11 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ധര്‍മശാലയാണ് വേദി.
Content Highlight: Rohit Sharma create a new record in International cricket