ധോണി എന്ന വൻമരം വീണു; തോൽവിയിലും ക്യാപ്റ്റൻസിയിൽ ചരിത്രംകുറിച്ച് രോഹിത്
Cricket
ധോണി എന്ന വൻമരം വീണു; തോൽവിയിലും ക്യാപ്റ്റൻസിയിൽ ചരിത്രംകുറിച്ച് രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th August 2024, 7:18 pm

ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 32 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 240 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍സിയില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. 37 വയസും 96 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് എം.എസ് ധോണി ആയിരുന്നു. 2018ല്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിനമായിരുന്നു ധോണി ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യയെ അവസാനമായി നയിച്ചത്. 37 വയസും 80 ദിവസവും പ്രായമുള്ളപ്പോഴാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഈ റെക്കോഡാണ് നീണ്ട ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ്മാന്‍ തകര്‍ത്തത്.

 

തന്റെ 36ാം വയസ്സില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ശിഖർ ധവാന്‍ ആണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 1999ല്‍ മുഹമ്മദ് അസറുദ്ദീനും 1985ല്‍ സുനില്‍ ഗവാസ്‌ക്കറും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.

ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മികച്ച പ്രകടനം നടത്തിയത്. 44 പന്തില്‍ 65 റണ്‍സ് നേടിയിരുന്നു രോഹിത്തിന്റെ മിന്നും പ്രകടനം. അഞ്ച് ഫോറുകളും നാല് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അക്സര്‍ പട്ടേല്‍ 44 പന്തില്‍ 44 റണ്‍സും ശുഭ്മന്‍ ഗില്‍ 44 പന്തില്‍ 35 റണ്‍സും നേടി നിര്‍ണായകമായി.

ശ്രീലങ്കക്കായി ജെഫ്രി വാന്‍ഡര്‍സെ ആറ് വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. 10 ഓവറില്‍ വെറും 33 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് താരം ആറ് വിക്കറ്റ് നേടിയത്. ക്യാപ്റ്റന്‍ ചരിത് അസലങ്ക മൂന്ന് വിക്കറ്റും നേടിയതോടെ ഇന്ത്യ പൂര്‍ണമായും തകരുകയായിരുന്നു.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ശ്രീലങ്ക. പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. പരമ്പരയിലെ അവസാന മത്സരം ഓഗസ്റ്റ് ഏഴിനാണ് നടക്കുന്നത്. ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Rohit Sharma Create a New Record in Captaincy