മറ്റൊരു ക്യാപ്റ്റനും ഇല്ലാത്ത റെക്കോഡ് രോഹിത്തിന് സ്വന്തം; ഇന്ത്യൻ കപ്പിത്താന് ലോക റെക്കോഡ്
Cricket
മറ്റൊരു ക്യാപ്റ്റനും ഇല്ലാത്ത റെക്കോഡ് രോഹിത്തിന് സ്വന്തം; ഇന്ത്യൻ കപ്പിത്താന് ലോക റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th February 2024, 10:30 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ കഴിഞ്ഞ ദിവസം അവസാനിച്ച മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 434 റണ്‍സിന്റെ ചരിത്രവിജയം നേടിയിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും രോഹിത്തിനും സംഘത്തിനും സാധിച്ചു.

ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ തേടിയെത്തിയത്. ടെസ്റ്റില്‍ 400+ റണ്‍സിനും ഏകദിനത്തില്‍ 300+ റണ്‍സിനും വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ചരിത്രനേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

2023ല്‍ ശ്രീലങ്കക്കെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 73 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വിരാട് കോഹ്‌ലിയും ശുഭ്മന്‍ ഗില്ലും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. വിരാട് 110 പന്തില്‍ നിന്നും 166 റണ്‍സ് ആണ് നേടിയത്. 13 ഫോറുകളും എട്ട് സിക്‌സുകളും ആണ് ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് ഗില്‍ 97 പന്തില്‍ 116 റണ്‍സും നേടി. 14 ഫോറും രണ്ട് സിക്‌സുമാണ് ഗില്‍ നേടിയത്.

Content Highlight: Rohit sharma create a new record