ഇടിമിന്നലായി ഹിറ്റ്മാൻ! ഐറിഷ്‌പ്പടയെ അടിച്ചപ്പോൾ തകർന്നത് സച്ചിന്റെ റെക്കോഡും; ചരിത്രനേട്ടത്തിൽ ഇന്ത്യൻ നായകൻ
Cricket
ഇടിമിന്നലായി ഹിറ്റ്മാൻ! ഐറിഷ്‌പ്പടയെ അടിച്ചപ്പോൾ തകർന്നത് സച്ചിന്റെ റെക്കോഡും; ചരിത്രനേട്ടത്തിൽ ഇന്ത്യൻ നായകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th June 2024, 10:28 am

ഐ.സി.സി ടി-20 ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 16 ഓവറില്‍ 96 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

37 പന്തില്‍ 52 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചു കയറിയത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഏകദിന ലോകകപ്പിലും ടി-20 ലോകകപ്പിലും കൂടി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് രോഹിത് നടന്നു കയറിയത്. 23 സിക്‌സുകളാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

 

21 സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നു കൊണ്ടായിരുന്നു രോഹിത്തിന്റെ മുന്നേറ്റം. ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് 31 സിക്‌സുകള്‍ നേടിയ വിരാട് കോഹ്‌ലിയാണ്. 17 സിക്‌സുകള്‍ വീതം നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലും ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറുമാണ് ഈ നേട്ടത്തില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും തകര്‍പ്പന്‍ പ്രകടനം നടത്തി.

ജയത്തോടെ ഗ്രൂപ്പ് എ യില്‍ രണ്ട് പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനും ഇന്ത്യക്ക് സാധിച്ചു. ജൂണ്‍ ഒമ്പതിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Content Highlight: Rohit Sharma create a new record