| Wednesday, 24th May 2017, 8:56 pm

കോഹ്‌ലിയ്ക്കുള്ള മണി മുഴങ്ങി തുടങ്ങുന്നോ? ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മ ഇന്ത്യയുടെ ഉപനായകനായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഓപ്പണര്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിന്റെ ഉപനായകനായേക്കും. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ രോഹിത് വൈസ് ക്യാപ്റ്റനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ടീമിന് വൈസ് ക്യാപ്റ്റനില്ലെങ്കിലും രോഹിതിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ, അജിന്‍ക്യാ രഹാനെയോ ആര്‍.അശ്വിനോ ആയിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റനായി കളിച്ചിരുന്നത്. സാഹചര്യത്തിനനുസരിച്ച് വൈസ് ക്യാപ്റ്റനെ നിശ്ചയിക്കുന്നതാണ് പതിവ്. രോഹിതിനെ തെരെഞ്ഞെടുക്കുന്നതില്‍ ബി.സി.സി.ഐയിലും സെലക്ടര്‍മാര്‍ക്കിടയിലും ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also Read: ‘ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലേ’; കോടിപതിയായ സന്തോഷത്തില്‍ തുള്ളിച്ചാടി സെവാഗ്, വീഡിയോ


നേരത്തെ, ഇന്ത്യന്‍ ടീമിന്റെ ട്വന്റി-20 ക്യാപ്റ്റനാകണമെന്ന് ആഗ്രഹമുള്ളതായി രോഹിത് വെളിപ്പെടുത്തിയിരുന്നു. ഐ.പി.എല്‍ ടൂര്‍ണമെന്റിന് പിന്നാലെ നടന്ന പത്ര സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് താരം മനസു തുറന്നത്.

ഇന്ത്യയുടെ ടി-20 നായക സ്ഥാനം ഏറ്റെടുക്കുമോയെന്നായിരുന്നു ചോദ്യം. ഉടന്‍ തന്നെ രോഹിതിന്റെ മറുപടിയുമെത്തി “ഇപ്പോള്‍ അങ്ങനെ ചിന്തിക്കുന്നത് തന്നെ കടന്ന കയ്യാണ്. അവസരം വരട്ടെ, അവസരം വന്നാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കും.”

എന്നാല്‍ കോഹ്ലിയുടെ നായകത്വവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും രോഹിത് പരേക്ഷമായി പറഞ്ഞു. ഐ.പി.എല്‍ അല്ല അന്താരാഷ്ട്ര ക്രിക്കറ്റെന്നും അത് വളരെ വ്യത്യസ്തമാണെന്നുമാണ് രോഹിത്ത് ദേശിയ ടീം നായകത്വത്തെ കുറിച്ച് പ്രതികരിച്ചത്.

നിലവില്‍ ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായ കോഹ്ലിയുടെ ഐ.പി.എല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇത്തവണ നിരാശപ്പെടുത്തിയിരുന്നു. മറുവശത്ത് ഐ.പി.എലില്‍ അഞ്ച് വര്‍ഷത്തിനിടെയാണ് രോഹിത്ത് മൂന്ന് കിരീടം നേടിയിയത്. 2013ലായിരുന്നു രോഹിത്തിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം. ആ വര്‍ഷം തന്നെ ടീം ചാമ്പ്യന്മാരാവുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more