| Wednesday, 17th January 2024, 10:29 pm

റെക്കോഡ് അലേര്‍ട്ട് 🚨🚨; ക്യാപ്റ്റന്‍ കോഹ്‌ലിയും ക്യാപ്റ്റന്‍ മോര്‍ഗനും വീണു; ഇത് രോഹിത് റാംപെയ്ജ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – അഫ്ഗാന്‍ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടി-20യിലേക്ക് മടങ്ങിയെത്തയിത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മയുടെ പ്രായശ്ചിത്തം കൂടിയായിരുന്നു ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പിറന്ന സെഞ്ച്വറി.

69 പന്ത് നേരിട്ട് പുറത്താകാതെ 121 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. 11 ഫോറും എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു രോഹിത് ശര്‍മയുടെ ഇന്നിങ്‌സ്. ഈ സെഞ്ച്വറിക്ക് പിന്നാലെ പല നേട്ടങ്ങലും രോഹിത് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് ഇതില്‍ പ്രധാനം. അന്താരാഷ്ട്ര ടി-20യിലെ അഞ്ചാം സെഞ്ച്വറിയാണ് രോഹിത് ചിന്നസ്വാമിയില്‍ കുറിച്ചത്. ടി-20യിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോറും ഇതുതന്നെ.

ഇതിന് പുറമെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ചില ഐതിഹാസിക നേട്ടങ്ങലും രോഹിത് തന്റെ പേരില്‍ കുറിച്ചിരുന്നു. ക്യാപ്റ്റനായിരിക്കവെ ഏറ്റവുമധികം ടി-20 ഐ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് രോഹിത് ഇക്കൂട്ടത്തില്‍ ആദ്യം സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ മറികടന്നാണ് രോഹിത് ഈ നേട്ടം കുറിച്ചത്.

ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍

രോഹിത് ശര്‍മ – 1,648*

വിരാട് കോഹ് ലി – 1,570

എം.എസ്. ധോണി -1,112

ഇതിന് പുറമെ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കി. അഫ്ഗാനെതിരെ അഞ്ചാം സിക്‌സര്‍ പറത്തിയതോടെയാണ് രോഹിത് ചരിത്രത്തിലേക്ക് നടന്നുകയറിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ക്യാപ്റ്റന്‍മാര്‍

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 90*

ഓയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 86

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 82

വിരാട് കോഹ്‌ലി – ഇന്ത്യ – 59

Content highlight: Rohit Sharma conquered different records

We use cookies to give you the best possible experience. Learn more