ഹാഫ് സെഞ്ച്വറി കിട്ടിയില്ലെങ്കിലെന്താ, അതിലും വലുതല്ലേ കീശയിലാക്കിയത്; ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി രോഹിത്തും
ലോകകപ്പില്‍ വീണ്ടും റെക്കോഡുകള്‍ കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ തങ്ങളുടെ നാലാം മത്സരത്തിലാണ് രോഹിത് ശര്‍മ തന്റെ പേരില്‍ പുതിയ റെക്കോഡ് എഴുതിച്ചേര്‍ത്തത്.
ഏകദിനത്തില്‍ ഏഷ്യന്‍ മണ്ണില്‍ 6,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചാണ് രോഹിത് കയ്യടികളേറ്റുവാങ്ങുന്നത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ ഇന്ത്യന്‍ നായകന്‍മാരായ മുഹമ്മദ് അസറുദ്ദീന്‍, സൗരവ് ഗാംഗുലി, വിരാട് കോഹ്‌ലി എന്നിവരുള്‍പ്പെട്ട എലീറ്റ് ലിസ്റ്റിലാണ് രോഹിത്തും ഇടം നേടിയിരിക്കുന്നത്.
ഏഷ്യന്‍ മണ്ണില്‍ ഇന്ത്യക്കായി ഏറ്റവുമധികം ഏകദിന റണ്‍സ് നേടിയ താരങ്ങള്‍
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 12,067
വിരാട് കോഹ്‌ലി – 7,784
എം.എസ്. ധോണി – 6,929
സൗരവ് ഗാംഗുലി – 6,302
മുഹമ്മദ് അസറുദ്ദീന്‍ – 6,127
രോഹിത് ശര്‍മ – 6,012
ഇതിന് പുറമെ ലോകകപ്പിന്റെ ചരിത്രത്തില്‍ ചെയ്‌സിങ്ങില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡും ഈ മത്സരത്തില്‍ രോഹിത് സ്വന്തമാക്കിയിരുന്നു. 13 ഇന്നിങ്‌സില്‍ നിന്നും 771 റണ്‍സ് നേടിയാണ് രോഹിത് ഈ തകര്‍പ്പന്‍ റെക്കോഡും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
അതേസമയം, ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ വിജയത്തിന് അരികിലെത്തിയിരിക്കുകയാണ്. 11 ഓവര്‍ ബാക്കിനില്‍ക്കെ വിജയിക്കാന്‍ 19 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് ആവശ്യമായുള്ളത്.
82 പന്തില്‍ 81 റണ്‍സുമായി വിരാട് കോഹ്‌ലിയും 34 പന്തില്‍ 34 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.
ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി. രോഹിത് 40 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ 55 പന്തില്‍ 53 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസിന്റെയും തന്‍സിദ് ഹസന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ദാസ് 82 പന്തില്‍ 66 റണ്‍സ് നേടിയപ്പോള്‍ 43 പന്തില്‍ 51 റണ്‍സാണ് ഹസന്‍ സ്വന്തമാക്കിയത്.
ഇവര്‍ക്ക് പുറമെ മഹ്മദുള്ളയും (36 പന്തില്‍ 46) മുഷ്ഫിഖര്‍ റഹീമും (46 പന്തില്‍ 38) ബംഗ്ലാ ടോട്ടലില്‍ നിര്‍ണായകമായി.
Content highlight: Rohit Sharma completes 6000 runs in Asian Continent