| Sunday, 10th September 2023, 5:05 pm

സെഞ്ച്വറിയില്‍ സെഞ്ച്വറിയടിച്ചത് ആശാന്‍, ഇപ്പോള്‍ ഹാഫ് സെഞ്ച്വറിയില്‍ ഹാഫ് സെഞ്ച്വറിയടിച്ചത് ശിഷ്യന്‍; റെക്കോഡുമായി ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ഫോര്‍മാറ്റില്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ അര്‍ധ സെഞ്ച്വറി കുറിച്ചതിന് പിന്നാലെയാണ് രോഹിത് ശര്‍മ കരിയറിലെ മറ്റൊരു തകര്‍പ്പന്‍ നേട്ടം തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

ഏകദിനത്തിലെ തന്റെ 50ാമത് അര്‍ധ സെഞ്ച്വറി നേട്ടമാണ് രോഹിത് ശര്‍മ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. 49 പന്തില്‍ നിന്നും ആറ് ബൗണ്ടറിയുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 56 റണ്‍സാണ് രോഹിത് നേടിയത്.

പതിഞ്ഞ് തുടങ്ങിയ രോഹിത് ശര്‍മ പോകെ പോകെ പഴയ ഹിറ്റ്മാനെ അനുസ്മരിപ്പിക്കുന്ന ഇന്നിങ്‌സ് പുറത്തെടുക്കുകയായിരുന്നു. ആദ്യ 24 പന്തില്‍ പത്ത് റണ്‍സ് മാത്രം നേടിയ രോഹിത് അടുത്ത 18 പന്തിലാണ് അര്‍ധ സെഞ്ച്വറിയിലേക്ക് ഓടിയെത്തിയത്.

ഏകദിനത്തില്‍ 50 അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന 30ാമത് താരമാണ് രോഹിത് ശര്‍മ. ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത് താരം എന്ന റെക്കോഡും രോഹിത് ശര്‍മക്കുണ്ട്.

65 അര്‍ധ സെഞ്ച്വറിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് പട്ടികയിലെ ഒന്നാമന്‍. 54 ഫിഫ്റ്റിയുമായി ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസനാണ് രോഹിത്തിന് മുകളില്‍ സ്ഥാനമുറപ്പിച്ച ആക്ടീവ് താരം.

ഇതിന് പുറമെ ഏകദിന ഫോര്‍മാറ്റില്‍ പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയുടെ ആദ്യ ഓവറില്‍ സിക്‌സര്‍ നേടിയ ആദ്യ താരം എന്ന റെക്കോഡും രോഹിത് തന്റെ പേരിലാക്കി.

മത്സരത്തില്‍ രോഹിത് ശര്‍മക്ക് പുറമെ ശുഭ്മന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. നേരിട്ട 37ാം പന്തിലാണ് താരം 50 മാര്‍ക് പിന്നിട്ടത്. ഒടുവില്‍ 18ാം ഓവറിലെ അഞ്ചാം പന്തില്‍ ടീം സ്‌കോര്‍ 123ല്‍ നില്‍ക്കവെയായിരുന്നു ഗില്ലിന്റെ മടക്കം. 52 പന്തില്‍ നിന്നും 58 റണ്‍സാണ് താരം നേടിയത്.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 24.1 ഓവര്‍ പിന്നിടുമ്പോള്‍ 146 റണ്‍സിന് രണ്ട് എന്ന നിലയിലാണ്. 28 പന്തില്‍ 17 റണ്‍സുമായി കെ.എല്‍. രാഹുലും 16 പന്തില്‍ എട്ട് റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

25ാം ഓവറിലെ ആദ്യ പന്തിന് പിന്നാലെ മഴയെത്തിയതോടെ മത്സരം തടസ്സപ്പെട്ടിരിക്കുകയാണ്. ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ ആദ്യ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.

എന്നാല്‍ സൂപ്പര്‍ ഫോറിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11നാണ് റിസര്‍വ് ഡേ. സൂപ്പര്‍ ഫോറില്‍ റിസര്‍ ഡേ അനുവദിച്ച ഏക മത്സരവും ഇതുതന്നെയാണ്. ഇപ്പോള്‍ നടക്കുന്ന മത്സരം എവിടെ വെച്ചാണോ തടസ്സപ്പെടുന്നത് അവിടെ മുതലായിരിക്കും റിസര്‍ ഡേയില്‍ മാച്ച് പുനരാരംഭിക്കുക.

Content highlight: Rohit Sharma completes 50 half centuries

We use cookies to give you the best possible experience. Learn more