ഇതാണ് 'ഹിറ്റ്മാന്‍ പവര്‍'; ഇംഗ്ലണ്ടിനെ അടിച്ചുതകര്‍ത്ത് വീണ്ടും റെക്കോഡ്
Cricket
ഇതാണ് 'ഹിറ്റ്മാന്‍ പവര്‍'; ഇംഗ്ലണ്ടിനെ അടിച്ചുതകര്‍ത്ത് വീണ്ടും റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th February 2024, 5:12 pm

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിവസം റാഞ്ചിയില്‍ അവസാനിച്ചിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്താവുകയായിരുന്നു.

192 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 40 റണ്‍സിന് വിക്കറ്റുകള്‍ ഒന്നും നഷ്ടമാവാതെയാണ് ഉള്ളത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 27 പന്തില്‍ 24 റണ്‍സും യശ്വസി ജെയ്സ്വാള്‍ 21 പന്തില്‍ 16 റണ്‍സ് നേടി ക്രീസില്‍ ഉണ്ട്.

നാലു ഫോറുകളാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. രണ്ടാം ദിവസം നേടിയ 24 റണ്‍സിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സ് എന്ന പുതിയ നാഴികകല്ലിലേക്കാണ് ഇന്ത്യന്‍ നായകന്‍ നടന്നുകയറിയത്. 57 മത്സരങ്ങളില്‍ 99 ഇന്നിങ്‌സില്‍ നിന്നുമാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ തകര്‍ത്തത് ആര്‍.അശ്വിനും കുല്‍ദീപ് യാദവുമാണ്. അശ്വിന്‍ അഞ്ച് വിക്കറ്റും കുല്‍ദീപ് നാല് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് 145 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ സാക്ക് ക്രോളി 91 പന്തില്‍ 60 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളാണ് സാക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജോണി ബെയര്‍‌സ്റ്റോ 42 പന്തില്‍ 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Rohit Sharma completes 4000 runs in Tests