| Saturday, 14th October 2023, 7:18 pm

🚨 കരിയര്‍ മൈല്‍സ്‌റ്റോണ്‍ 🚨; ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി ഹിറ്റ്മാന്‍, അവിടെയും നിര്‍ത്താതെ മുമ്പോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷിയാകുന്നത്. 50 ഓവര്‍ ലോകകപ്പില്‍ ഇതുവരെ ഇന്ത്യയോട് ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ദുഷ്‌പേര് മാറ്റിയെടുക്കാന്‍ പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ തങ്ങളുടെ വിന്നിങ് സ്ട്രീക് നിലനിര്‍ത്താനാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല.

42.5 ഓവറില്‍ 191 റണ്‍സിന് ബാബറും സംഘവും ഓള്‍ ഔട്ടായി.

58 പന്തില്‍ 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും 69 പന്തില്‍ 49 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെയും പ്രകടനമാണ് പാകിസ്ഥാനെ വമ്പന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 38 പന്തില്‍ 36 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖാണ് പാക് നിരയിലെ മറ്റൊരു സ്‌കോറര്‍.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശുഭ്മന്‍ ഗില്ലിനെയും വിരാട് കോഹ്‌ലിയെയും പെട്ടെന്ന് നഷ്ടമായെങ്കിലും രോഹിത് ശര്‍മയുടെ ചിറകിലേറി ഇന്ത്യ കുതിക്കുകയാണ്. ഗില്‍ 11 പന്തില്‍ 16 റണ്‍സ് നേടി പുറത്തായപ്പോള്‍ 18 പന്തില്‍ 16 റണ്‍സായിരുന്നു വിരാടിന്റെ സമ്പാദ്യം.

ഗില്ലിനെയും വിരാടിനെയും വീഴ്ത്തിയെങ്കിലും രോഹിത് ശര്‍മക്ക് മുമ്പില്‍ പാക് ബൗളര്‍മാര്‍ കളി മറക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിയ അതേ മികവ് തന്നെയാണ് രോഹിത് ഈ മത്സരത്തിലും ആവര്‍ത്തിക്കുന്നത്.

ഇതിനോടകം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് രോഹിത് കുതിക്കുന്നത്. നേരിട്ട 36ാം പന്തിലാണ് രോഹിത് അര്‍ധ സെഞ്ച്വറി നേടിയത്. കരിയറിലെ 53ാം ഫിഫ്റ്റിയാണ് താരം പാകിസ്ഥാനെതിരെ നേടിയത്.

മാനം തൊടുന്ന സിക്‌സറുമായാണ് രോഹിത് പാകിസ്ഥാനെ ആക്രമിച്ചുകളിക്കുന്നത്. ഈ സിക്‌സറുകള്‍ക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രോഹിത്തിനെ തേടിയെത്തിയിരിക്കുകായാണ്. ഏകദിനത്തില്‍ 300 സിക്‌സര്‍ എന്ന കരിയര്‍ മൈല്‍സ്‌റ്റോണാണ് രോഹിത് സ്വന്തമാക്കിയത്.

ഈ മത്സരത്തിന് മുമ്പ് 297 സിക്‌സറായിരുന്നു രോഹിത്തിന്റെ പേരിലുണ്ടായിരുന്നത്. അര്‍ധ സെഞ്ച്വറി കുറിക്കും മുമ്പ് തന്നെ രോഹിത് സിക്‌സറുകളില്‍ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 111 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 42 പന്തില്‍ 61 റണ്‍സുമായി രോഹിത് ശര്‍മ ക്രീസില്‍ തുടരുകയാണ്. 19 പന്തില്‍ 16 റണ്‍സുമായി ശ്രേയസ് അയ്യരാണ് രോഹിത്തിനൊപ്പം ബാറ്റിങ് തുടരുന്നത്.

Content Highlight: Rohit Sharma completes 300 ODI sixes

We use cookies to give you the best possible experience. Learn more