ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് തുടരുകയാണ്. ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം തന്നെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ്. നാല് വിക്കറ്റിന് 288 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിച്ചിരിക്കുന്നത്.
ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 143 പന്തില്‍ നിന്നും 80 റണ്‍സ് നേടിയാണ് രോഹിത് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.
ഈ പ്രകടനത്തിന് പിന്നാലെ പല റെക്കോഡുകളും രോഹിത്തിനെ തേടിയെത്തിയിരുന്നു. ഓപ്പണറുടെ റോളില്‍ 2,000 റണ്‍സ് തികച്ച രോഹിത് വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
ഗൗതം ഗംഭീര്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരെ പിന്തള്ളിയാണ് രോഹിത് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. 43 ഇന്നിങ്‌സില്‍ നിന്നുമാണ് ഇരുവരും ഈ നേട്ടം കൈവരിച്ചതെങ്കില്‍ തന്റെ 40ാം ഇന്നിങ്‌സിലാണ് രോഹിത് ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്.
ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ് മാത്രമാണ് രോഹിത്തിന് മുമ്പിലുള്ളത്. 39 ഇന്നിങ്‌സില്‍ നിന്നുമാണ് മുള്‍ട്ടാനിലെ സുല്‍ത്താന്‍ ഈ നേട്ടം കൈവരിച്ചത്.
സുനില്‍ ഗവാസ്‌കര്‍ (9,607 റണ്‍സ്), വിരേന്ദര്‍ സേവാഗ് (8,124 റണ്‍സ്), ഗൗതം ഗംഭീര്‍ (4,119 റണ്‍സ്), മുരളി വിജയ് (3,880 റണ്‍സ്), നവ്‌ജ്യോത് സിങ് സിദ്ധു (2,911 റണ്‍സ്), കെ. എല്‍. രാഹുല്‍ (2,551 റണ്‍സ്), ശിഖര്‍ ധവാന്‍ (2,315 റണ്‍സ്), പങ്കജ് റോയ് (2,220 റണ്‍സ്), ചേതന്‍ ചൗഹാന്‍ (2,069 റണ്‍സ്), ക്രിസ് ശ്രീകാന്ത് (2,062 റണ്‍സ്) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍.
ഇതിന് പുറമെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 2,000 റണ്‍സ് തികയ്ക്കുന്ന ഒമ്പതാമത് താരം, ആദ്യ ഇന്ത്യന്‍ താരം തുടങ്ങിയ റെക്കോഡും രോഹിത് സ്വന്തമാക്കിയിരുന്നു.