ഐ.സി.സി ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍മാരുടെ കരുത്തില്‍ മികച്ച ഇന്നിങ്‌സാണ് പടുത്തുയര്‍ത്തുന്നത്. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്താകേണ്ടി വന്ന രോഹിത് ശര്‍മയും ഇഷാന്‍ കിഷനും വെടിക്കെട്ട് പ്രകടനത്തോടെ 2023 ലോകകപ്പില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ്.
ഹിറ്റ്മാന്‍ എന്ന വിളിപ്പേര് തനിക്ക് വെറുതെ കിട്ടിയതല്ല എന്ന് വ്യക്തമാക്കുന്ന ഇന്നിങ്‌സാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തെടുക്കുന്നത്. അഫ്ഗാനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് രോഹിത് ബാറ്റിങ് തുടരുന്നത്. നേരിട്ട 30ാം പന്തില്‍ ഏഴ് ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെയാണ് രോഹിത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും രോഹിത്തിനെ തേടിയെത്തിയിരുന്നു. ലോകകപ്പില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് മാത്രം ബാറ്ററാണ് രോഹിത്.
അഫ്ഗാനെതിരെ 21 റണ്‍സ് നേടിയാല്‍ ഈ റെക്കോഡ് തന്റെ പേരില്‍ കുറിക്കാന്‍ രോഹിത്തിന് സാധിക്കുമായിരുന്നു.
ഇതോടൊപ്പം ഈ റെക്കോഡില്‍ മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യന്‍ ലെജന്‍ഡുമായ സൗരവ് ഗാംഗുലിയെ മറികടക്കാനും രോഹിത്തിന് സാധിച്ചു. ലോകകപ്പിലെ റണ്‍വേട്ടക്കാരായ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്.
ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – മാച്ച് – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 45 – 2,278
വിരാട് കോഹ് ലി – 28 – 1,115
രോഹിത് ശര്‍മ – 19* – 1.050*
സൗരവ് ഗാംഗുലി – 21 – 1,006
രാഹുല്‍ ദ്രാവിഡ് – 22 – 860
അതേസമയം, ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 87 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 38 പന്തില്‍ 71 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 16 പന്തില്‍ 10 റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയുടെയും സൂപ്പര്‍ താരം അസ്മത്തുള്ള ഒമറാസിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്കുയര്‍ന്നത്.
ഷാഹിദി 88 പന്തില്‍ 80 റണ്‍സ് നേടിയപ്പോള്‍ 69 പന്തില്‍ 62 റണ്‍സായിരുന്നു ഒമറാസിയുടെ സംഭാവന. 28 പന്തില്‍ 22 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനാണ് അഫ്ഗാന്‍ നിരയിലെ മൂന്നാമത് മികച്ച റണ്‍ വേട്ടക്കാരന്‍.
ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും നേടി. കുല്‍ദീപ് യാദവും ഷര്‍ദുല്‍ താക്കൂറുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
Content Highlight: Rohit Sharma completes 1000 runs in World Cup