2024 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യവിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്.
മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപ്പിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന കൂറ്റന്‍ ടോട്ടലാണ് ക്യാപിറ്റല്‍സിന് മുന്നില്‍ പടുത്തുയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
വിജയത്തിനൊപ്പം ഒരു അവിസ്മരണീയ നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. മത്സരത്തില്‍ ബാറ്റിങ്ങിന് പുറമേ ഫീല്‍ഡിലും തകര്‍പ്പന്‍ പ്രകടനമാണ് രോഹിത് നടത്തിയത്. മത്സരത്തില്‍ ഒരു ക്യാച്ച് നേടിക്കൊണ്ടായിരുന്ന രോഹിത്തിന്റെ മിന്നും പ്രകടനം.
രണ്ടു പന്തില്‍ രണ്ട് റണ്‍സ് നേടിയ ജെയ് റിച്ചാര്‍ഡ്‌സനെയായിരുന്നു രോഹിത് ക്യാച്ച് നേടികൊണ്ട് പുറത്താക്കിയത്. ജെറാള്‍ഡ് കോട്‌സിയുടെ പന്തില്‍ ആയിരുന്നു താരം പുറത്തായത്. ഇതോടെ ഐ.പി.എല്ലില്‍ 100 ക്യാച്ചുകള്‍ എന്ന പുതിയ നാഴിക കല്ലിലേക്ക് നടന്നു കയറാനും രോഹിത് ശര്‍മക്ക് സാധിച്ചു.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരം, ക്യാച്ചുകളുടെ എണ്ണം, മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍
വിരാട് കോഹ്‌ലി-110-240
സുരേഷ് റെയ്‌ന-109-205
കെയ്‌റോണ്‍ പൊള്ളാര്‍ഡ്-103-189
രോഹിത് ശര്‍മ-100*-247
മുംബൈ ബാറ്റിങ്ങിലും മിന്നും പ്രകടനമാണ് രോഹിത് നടത്തിയത്. 27 പന്തില്‍ 49 റണ്‍സാണ് രോഹിത് നേടിയത്. ആറ് ഫോറുകളും മൂന്ന് സിക്സുകളും ആണ് രോഹിത് അടിച്ചെടുത്തത്. ഇഷാന്‍ കിഷന്‍ 23 പന്തില്‍ 42 റണ്‍സും നേടി. നാല് ഫോറുകളും രണ്ട് സിക്‌സുമാണ് ഇഷാന്‍ നേടിയത്.
ടിം ഡേവിഡ് 21 പന്തില്‍ 45 റണ്‍സും നായകന്‍ ഹര്‍ദിക് പാണ്ഡ്യ 33 പന്തില്‍ 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അവസാന ഓവറില്‍ തകര്‍ത്തടിച്ച റൊമാരിയോ ഷെപ്പാര്‍ഡും മുംബൈയുടെ വലിയ ടോട്ടലില്‍ നിര്‍ണായകമായി. പത്ത് പന്തില്‍ 39 റണ്‍സാണ് റൊമാരിയോ നേടിയത്. മൂന്ന് ഫോറുകളും നാല് സിക്സുകളും ആണ് താരം നേടിയത്.
ദല്‍ഹി ബാറ്റിങ്ങില്‍ ട്രിസ്റ്റണ്‍ സ്റ്റബ്സ് മൂന്ന് ഫോറുകളും ഏഴ് സിക്‌സും ഉള്‍പ്പെടെ 25 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പ്രിത്വി ഷാ 40 പന്തില്‍ 66 റണ്‍സും അഭിഷേക് പോറല്‍ 31 പന്തില്‍ 41 റണ്‍സും നേടി നിര്‍ണായകമായെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.
മുംബൈ ബൗളിങ്ങല്‍ ജെറാഡ് കോട്സി നാല് വിക്കറ്റും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും റൊമാരിയോ ഷെപ്പാര്‍ഡ് ഒരു വിക്കറ്റും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ മുംബൈ ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു.
ഏപ്രില്‍ 11ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ ഹോം ഗ്രൗണ്ട് ആയ വാംഖഡെ സ്റ്റേഡിയമാണ് വേദി.
Content Highlight: Rohit Sharma completed 100 catches in IPL