ഒടുവില്‍ അവസാന പ്രതീക്ഷയായി അവനെത്തി; പരിക്കേറ്റ വിരലുമായി ഒമ്പതാം നമ്പറില്‍ രോഹിത് ശര്‍മ
Sports News
ഒടുവില്‍ അവസാന പ്രതീക്ഷയായി അവനെത്തി; പരിക്കേറ്റ വിരലുമായി ഒമ്പതാം നമ്പറില്‍ രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th December 2022, 7:23 pm

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഒമ്പതാം നമ്പറില്‍ കളത്തിലിറങ്ങി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. പരിക്കേറ്റ വിരലുമായാണ് താരം കളിക്കാനിറങ്ങിയിരിക്കുന്നത്.

നേരത്തെ ഫീല്‍ഡിങ്ങിനിടെ രോഹിത് ശര്‍മക്ക് പരിക്കേറ്റിരുന്നു.

ബംഗ്ലാദേശ് ഇന്നിങ്സിനിടെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ രോഹിത് ശര്‍മയുടെ കയ്യില്‍ പന്തടിക്കുകയും താരത്തിന്റെ വിരലിന് പരിക്കേല്‍ക്കുകയും കയ്യില്‍ നിന്ന് ചോര പൊടിയുകയും ചെയ്തിരുന്നു. ഇതോടെ താരം ഫീല്‍ഡ് വിടുകയായിരുന്നു.

പരിശോധനകള്‍ക്കായി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നായിരുന്നു ബി.സി.സി.ഐ വ്യക്തമാക്കിയത്.

ഇന്ത്യന്‍ ഇന്നിങ്സില്‍ താരം ബാറ്റ് ചെയ്യാനും ഇറങ്ങിയിരുന്നില്ല. വിരാട് കോഹ്‌ലിയായിരുന്നു രോഹിത് ശര്‍മക്ക് പകരക്കാരനായി കളത്തിലിറങ്ങിയത്.

എന്നാല്‍ ഇരുവര്‍ക്കും കാര്യമായൊന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. അഞ്ച് റണ്‍സുമായി വിരാടും എട്ട് റണ്‍സുമായി ശിഖര്‍ ധവാനും പുറത്തായി.

പരിക്കേറ്റ വിരലുമായി ഒമ്പതാം നമ്പറിലാണ് താരം കളിക്കാനിറങ്ങിയത്. ഷര്‍ദുല്‍ താക്കൂര്‍ പുറത്തായതിന് പിന്നാലെയാണ് താരം കളത്തിലിറങ്ങിയത്.

നിലവില്‍ 11 പന്തില്‍ നിന്നും നാല് റണ്‍സാണ് രോഹിത് നേടിയത്. 45 ഓവര്‍ പിന്നിടവെ ഇന്ത്യക്ക് ജയിക്കാന്‍ 59 റണ്‍സാണ് ആവശ്യമായുള്ളത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാ നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ടീം നടത്തിയത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

കഴിഞ്ഞ ഏകദിനത്തില്‍ ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ട മെഹിദി ഹസന്‍ തന്നെയായിരുന്നു രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ചുകളിച്ചത്. ആദ്യ മത്സരത്തില്‍ കളിയിലെ താരമായ ഹസന്‍ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി തികച്ചാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്.

83 പന്തില്‍ നിന്നും പുറത്താകാതെ 100 റണ്‍സാണ് ഹസന്‍ സ്വന്തമാക്കിയത്. എട്ട് ബൗണ്ടറിയും നാല് സിക്‌സറുമായി 120.48 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറിയാണ് മെഹിദി ഹസന്‍ ഇന്ത്യക്കെതിരെ കുറിച്ചത്.

മെഹിദി ഹസന് പുറമെ മഹ്മദുള്ളയും ബാറ്റിങ്ങില്‍ കരുത്ത് കാട്ടി. 96 പന്തില്‍ നിന്നും 77 റണ്‍സാണ് താരം സ്വന്തമാക്കിയത്.

 

Content Highlight:  Rohit Sharma Comes Out To Bat With Injured Thumb