ഇന്ത്യയിലെ 60 വര്‍ഷത്തെ ടെസ്റ്റ് ചരിത്രം തിരുത്തിക്കുറിച്ച് ക്യാപ്റ്റന്‍ ഹിറ്റ്മാന്‍
Sports News
ഇന്ത്യയിലെ 60 വര്‍ഷത്തെ ടെസ്റ്റ് ചരിത്രം തിരുത്തിക്കുറിച്ച് ക്യാപ്റ്റന്‍ ഹിറ്റ്മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th September 2024, 3:42 pm

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ ദിനം തന്നെ മഴ കാരണം ടെസ്റ്റ് സസ്പന്‍ഡ് ചെയ്തിരിക്കുകയാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 എന്ന സ്‌കോറിലായിരുന്നു ബംഗ്ലാദേശ്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തതോടെ 60 വര്‍ഷത്തെ ചരിത്രമാണ് രോഹിത് ശര്‍മ തിരുത്തിക്കുറിച്ചത്. ഇപ്പോള്‍ നടക്കുന്ന മത്സരം അടക്കം ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന 24 ടെസ്റ്റുകളില്‍ ഒരു ക്യാപ്റ്റന്‍ ബൗളിങ് തെരഞ്ഞെടുക്കുന്നത് രണ്ടാം തവണയാണ്. ഇതിന് മുമ്പ് 1964ല്‍ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചിരുന്നു.

മാത്രമല്ല ഒമ്പത് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഹോം ടെസ്റ്റില്‍ ഇന്ത്യ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. 2015ല്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ബെംഗളൂരുവിലായിരുന്നു അവസാനമായി ഇന്ത്യ ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കുന്നത്.

എന്നാല്‍ ബാറ്റിങ്ങിന് അനുയോജ്യമായ പിച്ചില്‍ ബൗളിങ് തെരഞ്ഞെടുത്തതിനെക്കുറിച്ച് കമന്റേറ്റര്‍ ആകാശ് ചോപ്രയും മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍.പി. സിങ്ങും ചോദ്യം ചെയ്തിരുന്നു. റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അനുയോജ്യമായ പിച്ചില്‍ ബൗളിങ് തെരഞ്ഞെടുത്തത് വെല്ലുവിളിയാണെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ടോസ് നേടിയ രോഹിത് പിച്ച് അല്‍പ്പം മൃദുലമാണെന്നും പിച്ചിലെ പച്ചപ്പ് ഇത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഗുണമാണെന്നുമാണ് പറഞ്ഞത്.

അതേസമയം ബംഗ്ലാദേശ് ഓപ്പണര്‍ സാക്കിര്‍ ഹസനെ പൂജ്യം റണ്‍സിന് പുറത്താക്കി ആകാശ് ദീപാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഷദ്മാന്‍ ഇസ്‌ലാമിനെ 24 റണ്‍സിനും പറഞ്ഞയച്ച് ആകാശ് രണ്ടാം വിക്കറ്റും നേടി. പുറകെ ആര്‍. അശ്വിന്‍ ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ 31 റണ്‍സിന് പുറത്താക്കി. നിലവില്‍ 40 റണ്‍സ് നേടിയ മോമിനുള്‍ ഹഖും ആറ് റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമുമാണ് ക്രീസിലുള്ളത്.

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റിലും കടുവകളെ തറപറ്റിക്കാനുള്ള ആത്മവിശ്വാസത്തിലാണ്.

 

Content Highlight: Rohit Sharma changed 60 years of history by winning the toss and electing to bowl In Test