അവസാന പന്ത് വരെ ആവേശം അലതല്ലിയ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യക്ക് മാസ്മരിക വിജയം. നാടകീയം എന്ന വാക്ക് പലപ്പോഴും മതിവരാത്ത സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മെല്‍ബണ്‍ ടി-20.
അവസാന രണ്ട് ഓവറായിരുന്നു മത്സരം പാകിസ്ഥാന്റെ കൈകളില്‍ നിന്നും തട്ടിയകറ്റിയത്. 19ാം ഓവറിലെ അവസാന രണ്ട് പന്തും സിക്‌സറിന് പറത്തി വിരാട് കോഹ്‌ലി അടുത്ത ഓവറിനുള്ള ട്രെയ്‌ലര്‍ പാകിസ്ഥാന് നല്‍കിയിരുന്നു.
അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്തില്‍ തന്നെ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യക്ക് നഷ്ടമായിരുന്നു. തുടര്‍ന്ന് ദിനേഷ് കാര്‍ത്തിക്കായിരുന്നു ക്രീസിലെത്തിയത്.
സിംഗിള്‍ നേടി സ്‌ട്രൈക്ക് കോഹ്‌ലിക്ക് കൈമാറി മത്സരം വീണ്ടും വിരാടിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഡബിള്‍ നേടി വിരാട് സ്‌ട്രൈക്ക് നിലനിര്‍ത്തി.
നാലാം പന്തില്‍ നോ ബോളില്‍ പിറന്ന സിക്‌സര്‍ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കി. ബൗണ്ടറി റോപ്പിനടുത്ത് വെച്ച് ഫീല്‍ഡര്‍ ഉയര്‍ന്നുചാടി ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പാഴാവുകയായിരുന്നു.
ഫ്രീ ഹിറ്റ് ഡെലിവറി വൈഡ്. എക്‌സ്ട്രാ ഇനത്തില്‍ ഒരു റണ്‍സ് കൂടി.
ഫ്രീ ഹിറ്റ് ഡെലിവറി തുടരുന്നു. മൂന്ന് റണ്‍സ് ലെഗ് ബൈ ആയി ഇന്ത്യയുടെ അക്കൗണ്ടിലേക്ക്.
ഓവറിലെ അഞ്ചാം പന്തില്‍ ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കി പാകിസ്ഥാന്‍ വീണ്ടും ഭീതി സൃഷ്ടിച്ചു. അവസാന പന്ത് നേരിടാന്‍ വെറ്ററന്‍ താരം ആര്‍. അശ്വിന്‍ ക്രീസിലേക്ക്. അവസാന പന്തില്‍ നവാസിന്റെ പിഴവില്‍ നിന്നും ഒരു വൈഡ് കൂടി പിറന്നതോടെ സ്‌കോര്‍സ് തുല്യത പാലിച്ചു.
ഇന്നിങ്‌സിന്റെ അവസാന പന്തില്‍ സിംഗിള്‍ നേടി ത്രില്ലിങ് മാച്ചിന് ഇന്ത്യയുടെ വിജയത്തോടെ വിരാമം.
ഒമ്പത് ഡെലിവറികള്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സും രണ്ട് വിക്കറ്റുമാണ് പിറന്നത്.
ഇന്ത്യയുടെ വിജയത്തിന് ശേഷം നായകന്‍ രോഹിത് ശര്‍മ പിച്ചിന് നടുവിലേക്ക് ഓടിയെത്തി വിരാടിനെ തോളിലേറ്റിയാണ് വിജയം ആഘോഷിച്ചത്. തോറ്റെന്നുറപ്പിച്ചിടത്ത് നിന്നും ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുനടത്തിയ വിരാടിനെ തോളിലേറ്റിയപ്പോള്‍ ഇതുവരെ കാണാത്ത സന്തോഷത്തിലായിരുന്നു രോഹിത്.
മത്സര ശേഷം കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുടെ വാക്കുകളും ശ്രദ്ധയാര്‍ജ്ജിക്കുന്നുണ്ട്.
വര്‍ഷങ്ങളായി കോഹ്‌ലിയുടെ ക്രിക്കറ്റ് നേരില്‍ കാണുന്നുണ്ടെങ്കിലും ഇന്നാദ്യമായി കളിക്കളത്തില്‍ വിരാട് കോഹ്‌ലിയുടെ കണ്ണുകളില്‍ നനവുപടരുന്നതും കണ്ടെതെന്നാണ് മത്സര ശേഷം കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലെ പറഞ്ഞത്.
‘എത്രയോ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ക്രിക്കറ്റ് നേരില്‍ കാണുന്നു. ഇന്നാദ്യമായി കളിക്കളത്തില്‍ വിരാട് കോഹ്‌ലിയുടെ കണ്ണുകളില്‍ നനവു പടരുന്നതും കണ്ടു’ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചേസിങിന് ഒരവസാനവാക്ക് ഉണ്ടെങ്കില്‍ അത് ഇങ്ങനെ മാത്രം,’ എന്നാണ് ഹര്‍ഷ ഭോഗ്ലെ പറഞ്ഞത്.
തുടക്കത്തില്‍ മങ്ങിയെങ്കിലും പാകിസ്ഥാന്‍ ബൗളര്‍മാരെ ആക്രമിച്ചുകളിക്കുന്ന വിരാടിനെയായിരുന്നു മെല്‍ബണില്‍ കണ്ടത്. 53 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും നാല് സിക്‌സറുമായി പുറത്താവാതെ 82 റണ്‍സാണ് വിരാട് നേടിയത്.
മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും വിരാടിനെ തന്നെയായിരുന്നു.
Content Highlight: Rohit Sharma celebrated India’s victory by shouldering Virat Kohli