അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടി-20 ഫോര്‍മാറ്റില്‍ വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ പരമ്പരയെ ഏറെ സ്പെഷ്യലാക്കുന്നത്. 2022ല്‍ നടന്ന ടി-20 ലോകകപ്പിന് ശേഷം ഇരുവരും ഒന്നിച്ച് ഇന്ത്യക്കായി ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ബാറ്റേന്തിയിട്ടില്ല.
ഈ വര്‍ഷം ടി-20 ലോകകപ്പ് നടക്കുന്നു എന്നതിനാലും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പരമ്പരയെ നോക്കിക്കാണുന്നത്. ഇത്തവണ വിന്‍ഡീസും അമേരിക്കയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ രോഹിത്തും വിരാടും ഒന്നിക്കും എന്നതിന്റെ ആദ്യ സൂചനകള്‍ കൂടിയാണ് അപെക്സ് ബോര്‍ഡ് നല്‍കുന്നത്.
എന്നാല്‍ ഇനിയുള്ള മത്സരങ്ങളില്‍ നിന്ന് രോഹിത് ശര്‍മയെ ഒരു അത്യപൂര്‍വ റെക്കോഡും കാത്തിരിപ്പുണ്ട്. വെറും 18 സിക്‌സറുകളുടെ ദൂരത്താണ് ഹിറ്റ്മാനെ ഇരട്ട റെക്കോഡ് നേട്ടം കാത്തിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കിയാല്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റില്‍ 600 സിക്‌സറുകള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡും ടി-ട്വന്റിയില്‍ 200 സിക്‌സറുകള്‍ തികക്കുന്ന ആദ്യ താരം എന്ന റെക്കോഡുമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.