ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്ത് വമ്പന്‍ റെക്കോഡ്. ഏഷ്യാ കപ്പില്‍ 61 റണ്‍സ് കൂടി നേടിയാല്‍ ടൂര്‍ണമെന്റില്‍ 1000 റണ്‍സ് തികക്കാന്‍ രോഹിത്തിനാകും. അങ്ങനെയാണെങ്കില്‍ ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ 1000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാകാന്‍ ഇന്ത്യന്‍ നായകന് സാധിക്കും.
ഫൈനലില്‍ ഹോസ്റ്റ് രാജ്യങ്ങളില്‍ ഒന്നായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ചാണ് ഇരു ടീമുകളും ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യ പാകിസ്ഥാനെയും ലങ്കയെയും തോല്‍പിച്ചപ്പ് ബംഗ്ലാദേശിനെതിരെ തോറ്റപ്പോള്‍, പാകിസ്ഥാനെയും ബംഗ്ലാദേശിനെയും കീഴടക്കിയാണ് ലങ്കയുടെ വരവ്.
ഏകദിന ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായി രോഹിത്തിന്റെ 250ാമത്തെ ഏകദിന മത്സരമായിരിക്കും ലങ്കക്കെതിരെയുള്ള ഫൈനല്‍. ഏകദിനത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ രോഹിത്തിന്റെ പേരിലാണ്. ലങ്കക്കെതിരെ നേടിയ 264 റണ്‍സ്.
ശ്രീലങ്കക്കെതിരെയുള്ള സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ ഏകദിനത്തില്‍ 10,000 റണ്‍സ് എന്ന മൈല്‍സ്‌റ്റോണ്‍ സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിരുന്നു. വിരാട് കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികക്കുന്ന താരവും രോഹിത്തായിരുന്നു. ഏറ്റവും പതിയെ 2000 റണ്‍സ് തികച്ച താരമെന്നതില്‍ നിന്നും ഏറ്റവും വേഗത്തില്‍ 10,000 നേടിയ താരമായി മാറിയ രോഹിത്തിന്റെ ഏകദിന കരിയര്‍ ഒരു ഇന്‍സ്പിറേഷനാണ്.
ഏകദിനത്തില്‍ മൂന്ന് ഇരട്ടസെഞ്ച്വറിയുള്ള രോഹിതിത്തിന്റെ നാളത്തെ ഫൈനലിലെ ഇന്നിങ്‌സിനായി കാത്തിരിക്കുകയാണ് ആരാധകര്‍.