ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമെന്ന് വാഴ്ത്തപ്പെടുന്ന ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 110 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യക്കായി ജസ്പ്രിത് ബുംറ ആറും മുഹമ്മദ് ഷമി മൂന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വെറും 18.4 ഓവറില്‍ മത്സരം വിജയിക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും പുറത്താകാതെ നിന്നു. രോഹിത് 58 പന്തില്‍ 74 റണ്‍സുമായി തകര്‍ത്തടിച്ചപ്പോള്‍ 54 പന്തില്‍ 31 റണ്‍സുമായി ധവാന്‍ മികച്ച സപ്പോര്‍ട്ട് നല്‍കി.
രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ പല റെക്കോഡുകളാണ് താരം തകര്‍ത്തത്. ഇംഗ്ലണ്ട് മണ്ണില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടുന്ന ബാറ്ററെന്ന റെക്കോഡ് ഇപ്പോള്‍ രോഹിത്തിന്റെ പേരിലാണ്.
മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോഴത്തെ കോച്ചുമായ രാഹുല്‍ ദ്രാവിഡ്, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ റെക്കോഡാണ് രോഹിത് മറികടന്നത്.
14 അര്‍ധസെഞ്ച്വറികളാണ് രോഹിത്തിന്റെ പേരിലുള്ളത്. വിരാട്, ദ്രാവിഡ്, വില്ല്യംസണ്‍ എന്നിവര്‍ക്ക് 13 അര്‍ധസെഞ്ച്വറികളാണുള്ളത്.
വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് രോഹിത്. കഴിഞ്ഞ കുറച്ചു പരമ്പരയില്‍ ശരാശരി പ്രകടനമായിരുന്നെങ്കിലും എതിര്‍ ടീമിന് എന്നും രോഹിത് ഒരു പേടിസ്വപ്‌നമാണ്.
നേരത്തെ രോഹിത്തിന്റെ ഫോമിനെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ചോദ്യം ചെയ്തിരുന്നു. എല്ലാവരും വിരാടിന്റെ ഫോമൗട്ടിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാല്‍ രോഹിത്തും ഫോമൗട്ടാണെന്ന് അദ്ദേഹം ചൂണ്ടികാണിച്ചിരുന്നു.
രോഹിത്തിന്റെ ഫോമിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് ഇത്തരത്തിലുള്ള ഇന്നിങ്‌സുകള്‍.
Content Highlights: Rohit Sharma broke Virat kohli Rahul Dravid and Kane Williamson’s record