| Monday, 18th July 2022, 9:06 am

ഓരോ മത്സരം കഴിയുമ്പോഴും ഓരോ റെക്കോഡ് തകര്‍ക്കും; ഇത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് ആവേശകരമായ പരമ്പരക്ക് തിരശീല വീണു. ടെസ്റ്റ് പരമ്പര സമനിലയില്‍ കലാശിച്ചപ്പോള്‍ ട്വന്റി-20യും ഏകദിനവും ഇന്ത്യ നേടി. അവസാന മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം എന്നിരിക്കെ ഇന്ത്യ വിജയിക്കുകയായിരുന്നു. 2-1 എന്ന നിലയിലാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഇന്ത്യക്കായി റിഷബ് പന്തും ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി. പന്ത് പുറത്താകാതെ 113 പന്തില്‍ 125 റണ്‍സ് നേടിയപ്പോള്‍ ഹര്‍ദിക് 71 റണ്‍സ് നേടി. നേരത്തെ ബൗളിങ്ങില്‍ നാല് വിക്കറ്റും താരം നേടിയിരുന്നു.

മത്സരം വിജയിച്ചതോടെ ഒരുപാട് റെക്കോഡാണ് ഇന്ത്യന്‍ താരങ്ങള്‍ തിരുത്തികുറിച്ചത്. റിഷബ് പന്തും ഹര്‍ദിക് പാണ്ഡ്യയും ഒരുപാട് റെക്കോഡുകള്‍ സ്വന്തമാക്കിയിരുന്നു. നായകന്‍ രോഹിത് ശര്‍മയും ഇതോടൊപ്പം പുതിയ ഒരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. നായകനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

ഇംഗ്ലണ്ട് മണ്ണില്‍ ട്വന്റി 20 പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കുന്ന ആദ്യ നായകനായി മാറിയിരിക്കുകയാണ് താരം. ധോണിയും കോഹ്‌ലിയുമെല്ലാം ശ്രമിച്ചിട്ടും നടക്കാത്തതാണ് രോഹിത് സ്വന്തമാക്കിയത്. ടീമിനെ അച്ചടക്കത്തോടെ മുന്നോട്ടു നയിക്കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്.

സ്വന്തം ഫോമൗട്ടും, വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍ എന്നിവരുടെ ഫോമൗട്ടും ടീമിനെ ബാധിക്കാതെ കൊണ്ടുപോകാന്‍ രോഹിത്തെന്ന നായകന് സാധിച്ചിട്ടുണ്ട്.

അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 43ാം ഓവറിലായിരുന്നു ഇന്ത്യന്‍ വിജയം.

ചെയ്‌സിങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പ്രഹരമേറ്റിരുന്നു. വെറും ഒരു റണ്‍ നേടി മൂന്നാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ പുറത്തായിരുന്നു. പിന്നീട് അഞ്ചാം ഓവറില്‍ തന്നെ നായകന്‍ രോഹിത്തിനെയും ഇന്ത്യക്ക് നഷ്ടമായി.

മുന്‍ നായകന്‍ വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും പെട്ടെന്ന് പുറത്തായെങ്കിലും റിഷബ് പന്തും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഹര്‍ദിക് ആക്രമിച്ചും പന്ത് നങ്കൂരമിട്ടും കളിച്ചപ്പോള്‍ ഒരു ക്ലാസിക്ക് പാര്‍ട്ട്‌നര്‍ഷിപ്പിനായിരുന്നു മാഞ്ചസ്റ്റര്‍ സാക്ഷിയായത്.

ഹര്‍ദിക്ക് പുറത്തായെങ്കിലും പന്തും ജഡേജയും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

Content Highlights:  Rohit Sharma broke another record in captaincy

We use cookies to give you the best possible experience. Learn more