| Saturday, 24th September 2022, 10:36 am

ആകെ കളിച്ചത് 20 ബോള്‍; റെക്കോഡുകള്‍ പലവിധം; സൂപ്പര്‍താരത്തെ മറികടന്ന് പുതിയ റെക്കോഡ്; ട്വന്റി-20 ക്രിക്കറ്റിലെ ഓരേ ഒരു രാജാവ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. മഴകാരണം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓസീസ് 90 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിന് വിജയിക്കുകയായിരുന്നു.

20 പന്ത് നേരിട്ട് 46 റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ വെടിക്കെട്ട് ഇന്നിങ്സായിരുന്നു രോഹിത് കളിച്ചത്. ഓസ്ട്രേലിയക്കായി ആദം സാമ്പ മൂന്ന് വിക്കറ്റ് നേടി.

മത്സരത്തില്‍ ഒരുപാട് റെക്കോഡ് സ്വന്തം പേരില്‍ കുറിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ 500 ബൗണ്ടറികളടിച്ച ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ താരം മറ്റൊരു റെക്കോഡും കൂടെ സ്വന്തം പേരില്‍ കുറിച്ചിരുന്നു.

മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന താരമെന്ന റെക്കോഡാണ് അദ്ദേഹം മാറ്റിക്കുറിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഗപ്റ്റിലിന്റെ റെക്കോഡിനൊപ്പമെത്തിയ രോഹിത് ഈ മത്സരത്തില്‍ അദ്ദേഹത്തെ മറികടക്കുകയായിരുന്നു.

172 സിക്‌സറാണ് ഗപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയത്. എന്നാല്‍ ഈ റെക്കോഡ് വെട്ടിച്ച രോഹിത് നിലവില്‍ 176 സിക്‌സര്‍ നേടിയിട്ടുണ്ട്. നാല് സിക്‌സറാണ് ഇന്നലത്തെ മത്സരത്തില്‍ മാത്രമായി അദ്ദേഹം അടിച്ചുകൂട്ടിയത്.

അതേസമയം ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കായി മികച്ച തുടക്കമായിരുന്നു നായകന്‍ ആരോണ്‍ ഫിഞ്ച് നല്‍കിയത്. 15 പന്തില്‍ 31 റണ്‍സ് നേടി ഫിഞ്ച് ഓസീസിന് മികച്ച ഒരു സ്റ്റാര്‍ട്ട് നല്‍കി. എന്നാല്‍ മിഡില്‍ ഓര്‍ഡറില്‍ ആര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ലായിരുന്നു.

എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ കഴിഞ്ഞ മത്സരത്തിലെ ഹീറോയായ മാത്യു വെയ്ഡ് മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു.

20 പന്ത് നേരിട്ട് 43 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. അക്‌സര്‍ പട്ടേലൊഴികെ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

രണ്ട് ഓവറില്‍ വെറും 13 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റ് നേടാന്‍ അക്‌സറിനായി.

സ്റ്റാര്‍ പേസര്‍ ബുംറക്ക് തിരിച്ചുവരവ് ഗംഭീരമാക്കാന്‍ സാധിച്ചില്ല. രണ്ടോവര്‍ എറിഞ്ഞ അദ്ദേഹം 23 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് നേടാന്‍ ബുംറക്ക് സാധിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് നായകന്‍ രോഹിത്തും രാഹുലും നല്‍കിയത്. ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് സിക്‌സറടക്കം 20 റണ്‍സാണ് ഇരുവരും അടിച്ചത്. പിന്നീട് കണ്ടത് രോഹിത്തിന്റെ അഴിഞ്ഞാട്ടമായിരുന്നു.

എറിയാന്‍ വന്ന എല്ലാ ബൗളര്‍മാരെയും അടിച്ചുതകര്‍ത്താണ് രോഹിത് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. മറുവശത്ത് രാഹുലും വിരാടും സൂര്യകുമാറുമൊക്കെ സാമ്പക്ക് വിക്കറ്റ് നല്‍കി മടങ്ങിയെങ്കിലും രോഹിത് തന്റെ ബാറ്റിങ് ഷോ നിര്‍ത്തിയില്ല.

20 പന്ത് നേരിട്ട് 46 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇതില്‍ 40 റണ്‍സും ബൗണ്ടറിലൂടെയാണ് വന്നത് എന്നുള്ളത് ഈ ഇന്നിങ്സിനെ സ്പെഷ്യലാക്കുന്നു.

നാല് ഫോറും നാല് സിക്സറുമാണ് രോഹിത്തിന്റെ ഇന്നിങ്‌സിലുണ്ടായത്. ഒരു തരത്തില്‍ മത്സരം അദ്ദേഹം ഒറ്റക്ക് ജയിപ്പിച്ചു എന്ന് തന്നെ പറയാം.

Content Highlight: Rohit Sharma breaks Martin Guptills Record for most sixes In t20I cricket

We use cookies to give you the best possible experience. Learn more