വനിതകളുടേത് മാത്രമായ ആ റെക്കോഡിലേക്ക് ചരിത്രത്തിലെ ആദ്യ പുരുഷ താരമായി രോഹിത്
Sports News
വനിതകളുടേത് മാത്രമായ ആ റെക്കോഡിലേക്ക് ചരിത്രത്തിലെ ആദ്യ പുരുഷ താരമായി രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th January 2024, 7:56 pm

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൊഹാലിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ബൗളിങ് തന്നെയാണ് തെരഞ്ഞെടുത്തത്.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് രോഹിത് ശര്‍മയെ തേടിയെത്തിയിരിക്കുന്നത്. ടി-20 ഫോര്‍മാറ്റിലെ 150ാം മത്സരമാണ് രോഹിത് ഇന്‍ഡോറില്‍ കളിക്കുന്നത്. ഇതോടെയാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ പുതിയ റെക്കോഡും പിറവിയെടുത്തത്.

അന്താരാഷ്ട്ര തലത്തില്‍ 150 ടി-20 മത്സരം കളിക്കുന്ന ആദ്യ താരമല്ല, മറിച്ച് ഈ നേട്ടത്തിലെത്തുന്ന ആദ്യ പുരുഷ താരമാണ് രോഹിത്. വനിതാ ക്രിക്കറ്റില്‍ ഇതിന് മുമ്പ് തന്നെ ഈ നേട്ടം പിറവിയെടുത്തിരുന്നു.

രോഹിത് ശര്‍മക്ക് മുമ്പ് മറ്റ് നാല് താരങ്ങള്‍ 150 ടി-20 മത്സരങ്ങള്‍ എന്ന കരിയര്‍ മൈല്‍ സ്റ്റോണ്‍ താണ്ടിയിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഈ പട്ടികയില്‍ ഒന്നാമതായുള്ളത്.

അന്താരാഷ്ട്ര ടി-20യില്‍ 150 മത്സരം കളിച്ച താരങ്ങള്‍/ ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 മത്സരം കളിച്ച താരങ്ങള്‍

(താരം – രാജ്യം – മത്സരം എന്നീ ക്രമത്തില്‍)

ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 161

സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 152

ഡാനി വയറ്റ് – ഇംഗ്ലണ്ട് – 151

അലീസ് ഹീലി – ഓസ്‌ട്രേലിയ – 150

രോഹിത് ശര്‍മ – ഇന്ത്യ – 150

 

അതേസമയം, ആദ്യം ബാറ്റ് ചെയ്യുന്ന അഫ്ഗാനിസ്ഥാന്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 77 എന്ന നിലയിലാണ്. 26 പന്തില്‍ 48 റണ്‍സുമായി ഗുലാബ്ദീന്‍ നായിബും നാല് പന്തില്‍ രണ്ട് റണ്‍സുമായി മുഹമ്മദ് നബിയുമാണ് ക്രീസില്‍.

റഹ്‌മാനുള്ള ഗുര്‍ബാസ് (ഒമ്പത് പന്തില്‍ 14), ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍ (പത്ത് പന്തില്‍ എട്ട്), അസ്മത്തുള്ള ഒമര്‍സായ് (അഞ്ച് പന്തില്‍ രണ്ട്) എന്നിവരുടെ വിക്കറ്റാണ് അഫ്ഗാന് ഇതിനോടകം നഷ്ടമായത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (ക്യാപ്റ്റന്‍), ഇബ്രാസിം സദ്രാന്‍ (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജിബുള്ള സദ്രാന്‍, കരീം ജന്നത്, ഗുലാബ്ദീന്‍ നായിബ്, നവീന്‍ ഉള്‍ ഹഖ്, മുജീബ് ഉര്‍ റഹ്‌മാന്‍, ഫസലാഖ് ഫാറൂഖി, നൂര്‍ അഹമ്മദ്.

 

Content highlight: Rohit Sharma becomes the first male cricketer to play 150 T20Is