ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ മത്സരം കഴിഞ്ഞ ദിവസം ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ വെച്ച് നടന്നിരുന്നു. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ തോറ്റുകൊണ്ടായിരുന്നു ഇന്ത്യ തുടങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മോശം സ്‌കോര്‍ പടുത്തുയര്‍ത്തുകയും ബംഗ്ലാദേശ് ചെയസ് ചെയ്ത് വിജയിക്കുകയുമായിരുന്നു. ഒറ്റ വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം.
കഴിഞ്ഞ ദിവസത്തെ തോല്‍വിക്ക് പിന്നാലെ ഒരു മോശം റെക്കോഡും ഇന്ത്യന്‍ നായകനെ തേടിയെത്തിയിരിക്കുകയാണ്. രണ്ട് വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ ബംഗ്ലാദേശിനോട് പരാജയപ്പെടുന്ന ഇന്ത്യയുടെ ആദ്യ ക്യാപ്റ്റന്‍ എന്ന മോശം റെക്കോഡാണ് രോഹിത് ശര്‍മയെ തേടിയെത്തയിരിക്കുന്നത്.
ഇതിന് മുമ്പ് 2019ല്‍ ടി-20 ഫോര്‍മാറ്റില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ട ഇന്ത്യ കഴിഞ്ഞ ദിവസം ഏകദിനത്തിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് രോഹിത്തിനെ തേടി താരത്തിന്റെ കരിയറിലെ തന്നെ മറ്റൊരു മോശം റെക്കോഡുമെത്തിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ബൗളിങ്ങിന് മുമ്പില്‍ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിയുകയായിരുന്നു. പത്ത് ഓവര്‍ പന്തെറിഞ്ഞ് കേവലം 36 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുന്‍ നായകന്‍ ഷാകിബ് അല്‍ ഹസനും 8.2 ഓവറില്‍ 47 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ എദാബോത് ഹുസൈനുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 186 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.
ഇന്ത്യയെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ടെങ്കിലും ബംഗ്ലാദേശിനും ചെയ്‌സിങ് എളുപ്പമായിരുന്നില്ല. ഒടുവില്‍ 46 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഏറെ പണിപ്പെട്ടാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.
ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ബംഗ്ലാദേശിന് സാധിച്ചു.