ധോണിയെക്കൊണ്ട് പറ്റിയില്ല, കോഹ്‌ലിയെക്കൊണ്ടും; ചരിത്രം സൃഷ്ടിച്ച് രോഹിത് ഗുരുനാഥ് ശര്‍മ
Sports News
ധോണിയെക്കൊണ്ട് പറ്റിയില്ല, കോഹ്‌ലിയെക്കൊണ്ടും; ചരിത്രം സൃഷ്ടിച്ച് രോഹിത് ഗുരുനാഥ് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd October 2022, 7:32 am

ചരിത്രത്തിലാദ്യമായി ടി-20 പരമ്പരയില്‍ സൗത്ത് ആഫ്രിക്കയെ ഇന്ത്യന്‍ മണ്ണില്‍ കീഴടക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. കഴിഞ്ഞ ദിവസം നടന്ന ബര്‍സാപര ടി-20യിലും വിജയം പിടിച്ചടക്കിയതോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

ഇതോടെ ഇന്ത്യന്‍ മണ്ണില്‍ സൗത്ത് ആഫ്രിക്കയെ ടി-20 പരമ്പരയില്‍ പരാജയപ്പെടുത്തുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡ് രോഹിത് ശര്‍മയെ തേടിയെത്തി.

2022 ഐ.പി.എല്ലിന് ശേഷം നടന്ന പരമ്പരയില്‍ റിഷബ് പന്ത് ഈ നേട്ടത്തിന് അടുത്ത് വരെയെത്തിയെങ്കിലും പരമ്പര സമനിലയിലാവുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2നായിരുന്നു സമനിലയിലായത്. ഒരു മത്സരം ഉപേക്ഷിച്ചതോടെയാണ് പരമ്പര സമനിലയിലായത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 96 റണ്‍സാണ് പിറന്നത്. 37 പന്തില്‍ നിന്നും 43 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്.

മികച്ച പ്രകടനം കാഴ്ചവെച്ച് രാഹുലും പുറത്തായി. 28 പന്തില്‍ നിന്നും 57 റണ്‍സുമായാണ് താരം പുറത്തായത്. വിരാട് കോഹ്‌ലി 28 പന്തില്‍ നിന്നും 49 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാമനായി ഇറങ്ങിയ സൂര്യകുമാറിന്റെ വെടിക്കെട്ടാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 22 പന്തില്‍ നിന്നും 61 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഫിനിഷറുടെ റോളില്‍ ഇറങ്ങിയ ദിനേഷ് കാര്‍ത്തിക്കും മോശമാക്കിയില്ല. ഏഴ് പന്തില്‍ നിന്നും 17 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ 20 ഓവറില്‍ 237 റണ്‍സിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ ബാവുമയും റിലി റൂസോയും വീണ്ടും നിരാശപ്പെടുത്തിയപ്പോള്‍ ഡി കോക്കും മില്ലറും കത്തിക്കയറി.

48 പന്തില്‍ നിന്നും 69 റണ്‍സുമായി ഡി കോക്ക് പുറത്തായപ്പോള്‍ കേവലം 47 പന്തില്‍ നിന്നും 106 റണ്‍സുമായി കില്ലര്‍ മില്ലര്‍ പുറത്താകാതെ നിന്നു. 19 പന്തില്‍ നിന്നും 33 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രമും മികച്ച പിന്തുണയാണ് നല്‍കിയത്. എങ്കിലും വിജയിക്കാന്‍ ഇതൊന്നും മതിയാകാതെ വരികയായിരുന്നു.

ഒടുവില്‍ 20 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റിന് പ്രോട്ടീസ് 221ല്‍ കളിയവസാനിപ്പിച്ചു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ന് മുമ്പിലെത്താനും പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായി. ഒക്ടോബര്‍ നാലിനാണ് അടുത്ത മത്സരം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയമാണ് വേദി.

പരമ്പര വൈറ്റ് വാഷ് ചെയ്യാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ മുഖം രക്ഷിക്കാനാവും സൗത്ത് ആഫ്രിക്ക ഇറങ്ങുന്നത്.

 

 

Content Highlight: Rohit Sharma becomes the first Indian captain to defeat South Africa in T20 series in India