2023 ലോകകപ്പിലെ 33ാം മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ലങ്ക എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടിയേറ്റിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച രോഹിത് രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി പവലിയനിലേക്ക് തിരികെ നടന്നു. ദില്‍ഷന്‍ മധുശങ്കയുടെ പന്തിലാണ് രോഹിത് പുറത്തായത്.
ആദ്യ പന്തിലെ ബൗണ്ടറിക്ക് പിന്നാലെ ഈ ലോകകപ്പില്‍ 400 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ലോകകപ്പിലെ ഏഴാം ഇന്നിങ്‌സിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.
ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമടക്കമാണ് രോഹിത് ശര്‍മ ഈ നേട്ടം സ്വന്തമാക്കിയത്. 57.42 എന്ന ശരാശരിയിലും 119.64 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് രോഹിത് 400 റണ്‍സ് മാര്‍ക് പിന്നിട്ടത്.
44 ഫോറും 20 സിക്‌സറുമാണ് രോഹിത് ഈ നേട്ടത്തിനായി അടിച്ചുകൂട്ടിയത്. നിലവില്‍ 402 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്.
രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി മുന്നേറുകയാണ്. ഇതോടെ രോഹിത്തിന് പിന്നാലെ ഈ ലോകകപ്പില്‍ 400 മാര്‍ക് പിന്നിടുന്ന രണ്ടാമത് താരം എന്ന നേട്ടം വിരാട് സ്വന്തമാക്കി. നിലവില്‍ 2023 ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ കോഹ്‌ലി രണ്ടാമനാണ്.
അതേസമയം, 30 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 193 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. സെഞ്ച്വറി പ്രതീക്ഷ നല്‍കിയ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനമായി നഷ്ടപ്പെട്ടത്. 92 പന്തില്‍ നിന്നും 92 റണ്‍സുമായാണ് ഗില്‍ പുറത്തായത്.
മറ്റൊരു സെഞ്ച്വറിയിലേക്ക് കുതിക്കുന്ന വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരുമാണ് ക്രീസില്‍. 87 പന്തില്‍ 87 റണ്‍സ് നേടിയാണ് വിരാട് ഇന്ത്യന്‍ നിരയില്‍ കരുത്താവുന്നത്.
തുടര്‍ച്ചയായ ആറ് മത്സരത്തിലും വിജയിച്ചാണ് ഇന്ത്യ ലോകകപ്പില്‍ വന്‍ മുന്നേറ്റം നടത്തുന്നത്. വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ ലങ്കക്കെതിരെയും വിജയിക്കുകയാണെങ്കില്‍ 2023 ലോകകപ്പില്‍ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മാറാനും ഇന്ത്യക്കാകും.
Content highlight: Rohit Sharma becomes the first Indian batter to score 400 runs in 2023 World Cup