ഏകദിന ലോകകപ്പോടെ 2023ലെ ഏകദിന ക്യാമ്പെയ്‌ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിരാമമിട്ടിരിക്കുകയാണ്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ കളിക്കുമെങ്കിലും രോഹിത് ശര്‍മ ഈ സ്‌ക്വാഡിന്റെ ഭാഗമല്ല. രോഹിത്തിന്റെ അഭാവത്തില്‍ കെ.എല്‍. രാഹുലാണ് ഏയ്ഡന്‍ മര്‍ക്രമിന്റെ പ്രോട്ടിയാസിനെതിരെ ഇന്ത്യയെ നയിക്കുന്നത്.
2023ല്‍ ഇനി ഏകദിന മത്സരങ്ങള്‍ ബാക്കിയില്ല എന്നിരിക്കെ ഒരു തകര്‍പ്പന്‍ നേട്ടമാണ് രോഹിത്തിനെ തേടിയെത്തിയിരിക്കുന്നത്. പത്ത് വ്യത്യസ്ത വര്‍ഷങ്ങളില്‍ 50+ ഏകദിന ശരാശരിയുള്ള ആദ്യ താരം എന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ഏക താരവും രോഹിത് തന്നെയാണ്.
2023 എന്ന കലണ്ടര്‍ ഇയറില്‍ 52.29 എന്ന മികച്ച ശരാശരിയാണ് രോഹിത്തിനുള്ളത്. 27 മത്സരത്തിലെ 26 ഇന്നിങ്‌സില്‍ നിന്നും 52.29 ശരാശരിയില്‍ 1,255 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. രണ്ട് സെഞ്ച്വറിയും ഒമ്പത് അര്‍ധ സെഞ്ച്വറിയുമാണ് രോഹിത്തിന്റെ പേരില്‍ ഈ വര്‍ഷം കുറിക്കപ്പെട്ടത്.
2023ന് പുറമെ പത്ത് വ്യത്യസ്ത വര്‍ഷങ്ങളിലും രോഹിത് 50+ ശരാശരിയോടെ ഏകദിന ക്യാമ്പെയ്ന്‍ പൂര്‍ത്തിയാക്കിയിരുന്നു.
2011ലാണ് രോഹിത് ആദ്യമായി 50+ ശരാശരിയില്‍ സ്‌കോര്‍ ചെയ്തത്. ശേഷം 2013 മുതല്‍ 2020 വരെ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഈ നേട്ടം സ്വന്തമാക്കിയ രോഹിത് 2023ല്‍ വീണ്ടും 50+ ശരാശരിയില്‍ റണ്ണടിച്ചുകൂട്ടി.
രോഹിത് ശര്‍മയുടെ റണ്‍ നേട്ടം
(50+ ശരാശരിയില്‍ റണ്‍സ് നേടിയ വര്‍ഷം – ശരാശരി എന്നീ ക്രമത്തില്‍)
2011 – 55.54
2013 -52.00
2014 – 52.54
2015 – 50.93
2016 – 62.66
2017 – 71.83
2018 – 73.57
2020 – 57.00
2023 – 52.29
ഇതിന് പുറമെ മറ്റ് റെക്കോഡുകളും രോഹിത് ഈ വര്‍ഷം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം എല്ലാ ഫോര്‍മാറ്റുകളിലുമായി ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന തകര്‍പ്പന്‍ റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. 1,795 റണ്‍സാണ് അന്താരാഷ്ട്ര തലത്തില്‍ രോഹിത് നേടിയത്.
ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ശുഭ്മന്‍ ഗില്ലിനും വിരാട് കോഹ്‌ലിക്കും ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡാരില്‍ മിച്ചലിനും ശേഷം നാലാമന്‍ കൂടിയാണ് രോഹിത്.
നാല് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയുമാണ് എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി രോഹിത് ഈ വര്‍ഷം നേടിയത്.
1,588 റണ്‍സ് നേടിയ യു.എ.ഇ നായകന്‍ മുഹമ്മദ് വസീമാണ് ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റന്‍മാരുടെ പട്ടികയിലെ രണ്ടാമന്‍. 37 മത്സരത്തില്‍ നിന്നും 36.09 എന്ന ശരാശരിയിലാണ് താരത്തിന്റെ റണ്‍ നേട്ടം. ഒരു സെഞ്ച്വറിയും പത്ത് അര്‍ധ സെഞ്ച്വറിയുമാണ് ഈ വര്‍ഷത്തില്‍ വസീമിന്റെ സമ്പാദ്യം.
ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള നായകന്‍മാര്‍ ഇവര്‍ മാത്രമാണ്. 1,322 റണ്‍സടിച്ച ബാബര്‍ അസമാണ് ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത് ക്യാപ്റ്റന്‍.
ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം ഡിസംബറില്‍ നടക്കാനിരിക്കെ രോഹിത്തിന്റെ റണ്‍ നേട്ടവും ഉയരുമെന്നുറപ്പാണ്.
Content Highlight: Rohit Sharma becomes the first batter to have 50+ ODI average in 10 different year