| Friday, 15th July 2022, 12:10 pm

ദ്രാവിഡിന്റെ പിന്‍ഗാമിയായി രോഹിത് ശര്‍മ; ഈ മോശം റെക്കോഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ നാണംകെട്ട് തോറ്റിരുന്നു. ആദ്യ മത്സരത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങില്‍ പരാജയപ്പെടുകയായിരുന്നു.

രണ്ടാം മത്സരത്തിലും ടോസ് നേടി ബൗളിങ് തെരെഞ്ഞടുക്കുകയായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത്തിന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലുള്ള പ്രകടനമായിരുന്നു ഇന്ത്യന്‍ ബൗളിങ് നിര നടത്തിയത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ 246 റണ്‍സില്‍ പുറത്താക്കാന്‍ ഇന്ത്യന്‍  ബൗളിങ് നിരക്ക് സാധിച്ചിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ പതറിയിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 10 പന്ത് നേരിട്ട് പൂജ്യനായി മടങ്ങുകയായിരുന്നു. ലോര്‍ഡ്‌സില്‍ പൂജ്യനായി മടങ്ങുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനാണ് രോഹിത് ശര്‍മ.

ലോര്‍ഡ്‌സില്‍ പൂജ്യനായി മടങ്ങിയ ആദ്യ ഇന്ത്യന്‍ നായകന്‍ ഇപ്പോഴത്തെ ഇന്ത്യന്‍ കോച്ചും മുന്‍ നായകനുമായിരുന്ന രാഹുല്‍ ദ്രാവിഡാണ്. 2007ലായിരുന്നു ദ്രാവിഡ് ക്രിക്കറ്റിന്റെ മക്കയില്‍വെച്ച് പൂജ്യത്തിന് പുറത്തായത്.

രോഹിത് ശര്‍മ പോയതിന് ശേഷം ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ എല്ലാവരും പരാജയപ്പെടുകയായിരുന്നു. ശിഖര്‍ ധവാന്‍ ഒമ്പത് റണ്‍സ് നേടി പുറത്തായപ്പോള്‍ പിന്നാലെ വന്ന റിഷബ് പന്ത് പൂജ്യനായി മടങ്ങുകയായിരുന്നു.

മികച്ച ഷോട്ടുകളുമായി ഇന്നിങ്‌സ് തുടങ്ങിയ വിരാട് 16 റണ്‍സ് നേടി മടങ്ങി. 29 റണ്ണുകള്‍ നേടി ജഡേജയുംവ ഹര്‍ദിക് പാണ്ഡ്യയും ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് ബൗളിങ്ങ് മടക്കി അയക്കുകയായിരുന്നു. സൂര്യകുമാര്‍ 27 റണ്‍സ് നേടിയിരുന്നു.

നേരത്തെ ഇന്ത്യന്‍ ബൗളിങ്ങില്‍ ചഹലായിരുന്നു മികച്ച പ്രകടനം നടത്തിയത്. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാല് ഇംഗ്ലണ്ട് വിക്കറ്റുകളാണ് ചഹല്‍ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി മോയീന്‍ അലി 47ഉം ഡേവിഡ് വില്ലി 41ഉം റണ്‍സ് നേടി.

Content Highlights: Rohit Sharma Becomes second captain to score duck at Lords

We use cookies to give you the best possible experience. Learn more