| Wednesday, 7th December 2022, 9:16 pm

വേറെ ഏത് ഇന്ത്യക്കാരനുണ്ടെടാ ഈ റെക്കോഡ്; കാലങ്ങള്‍ക്ക് ശേഷം രോഹിത് ഹിറ്റ്മാനായ മത്സരത്തില്‍ പിറന്നത് തകര്‍പ്പന്‍ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മിര്‍പൂരിലെ ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 271 റണ്‍സിന്റെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയും അത് വിജയകരമായി ഡിഫന്‍ഡ് ചെയ്യുകയുമായിരുന്നു. സെഞ്ച്വറി തികച്ച മെഹിദി ഹസനും 77 റണ്‍സ് നേടിയ മഹ്മദുള്ളയുമാണ് ബംഗ്ലാദേശിനായി മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ശ്രേയസ് അയ്യരും അക്‌സര്‍ പട്ടേലും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഒമ്പതാം നമ്പറിലിറങ്ങിയ രോഹിത് ശര്‍മ വെടിക്കെട്ട് പുറത്തെടുത്തെങ്കിലും ഇന്ത്യക്ക് ജയിക്കാന്‍ മാത്രം സാധിച്ചില്ല.

നേരത്തെ, ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ രോഹിത് ശര്‍മ വിരലില്‍ കെട്ടുമായാണ് കളിക്കാനെത്തിയത്. 28 പന്തില്‍ നിന്നും പുറത്താവാതെ 51 റണ്‍സാണ് താരം സ്വന്തമാക്കിയത്.

രോഹിത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് മത്സരം അവസാന പന്ത് വരെ കൊണ്ടുചെന്നെത്തിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 14 റണ്‍സാണ് രോഹിത്തിന് നേടാന്‍ സാധിച്ചത്. ഇതോടെയാണ് ഇന്ത്യ അഞ്ച് റണ്‍സിന്റെ പരാജയം രുചിച്ചത്.

റണ്‍ വെടിക്കെട്ട് പാഴായെങ്കിലും മികച്ച വ്യക്തിഗത നേട്ടങ്ങളിലൊന്ന് തന്റെ പേരിലെഴുതിച്ചേര്‍ക്കാന്‍ രോഹിത്തിന് സാധിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്‌സറുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. 502 സിക്‌സറാണ് താരം ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്.

553 സിക്‌സര്‍ സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് ജയന്റ് ക്രിസ് ഗെയ്ല്‍ മാത്രമാണ് രോഹിത് ശര്‍മക്ക് മുമ്പിലുള്ളത്.

തന്റെ 428ാമത് മത്സരത്തിലാണ് രോഹിത് ശര്‍മ ഈ നേട്ടം സ്വന്തമാക്കിയത്.

ഏറെ കാലത്തെ മോശം പ്രകടനത്തിന് ശേഷം രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും പിറന്ന വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയുടെ തോല്‍വിയിലും ആരാധകര്‍ക്ക് അല്‍പെങ്കിലും ആശ്വാസം നല്‍കുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളിലും വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും രോഹിത്തിന് ഇതേ പ്രകടനം തന്നെ കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം, ഏകദിന പരമ്പരയില്‍ രോഹിത് കളിക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വിരലിനേറ്റ പരിക്ക് കാരണമാണ് രോഹിത്തിന് പുറത്തിരിക്കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡിസംബര്‍ പത്തിന് ഷേര്‍-ഇ-ബംഗ്ലായില്‍ തന്നെയാണ് ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ അവസാന മത്സരം. വൈറ്റ്‌വാഷ് ചെയ്ത് പരമ്പര നേടാന്‍ ബംഗ്ലാദേശിറങ്ങുമ്പോള്‍ മുഖം രക്ഷിക്കാനാകും ഇന്ത്യയിറങ്ങുന്നത്.

Content Highlight: Rohit Sharma becomes first Indian batter to to score 500 sixer in international cricket

We use cookies to give you the best possible experience. Learn more