Asia Cup
ഇവനാര് തീയുണ്ടയോ... പോകാന്‍ പറ; ഷഹീനിന്റെ കരിയറില്‍ ആദ്യ കളങ്കം ചാര്‍ത്തി രോഹിത്
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് തുടക്കമായിരിക്കുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മയും നല്‍കിയിരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ തന്നെ പാക് പേസ് സെന്‍സേഷന്‍ ഷഹീന്‍ ഷാ അഫ്രിദിയെ പഞ്ഞിക്കിട്ടുകൊണ്ടാണ് രോഹിത്തും ഗില്ലും തുടങ്ങിയത്. ഇതുവരെ മൂന്ന് ഓവര്‍ പന്തറിഞ്ഞ ഷഹീന്‍ 31 റണ്‍സാണ് വഴങ്ങിയത്. 10.33 ആണ് ആദ്യ മൂന്ന് ഓവറിലെ താരത്തിന്റെ എക്കോണമി.
ഇതിന് പുറമെ ഷഹീനിന്റെ പന്തില്‍ സിക്‌സര്‍ നേടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു റെക്കോഡും സൃഷ്ടിച്ചിരുന്നു. ഏകദിന ഫോര്‍മാറ്റില്‍ ഷഹീന്‍ ഷാ അഫ്രിദിയുടെ ആദ്യ ഓവറില്‍ സിക്‌സര്‍ നേടിയ ആദ്യ താരം എന്ന റെക്കോഡാണ് രോഹിത് നേടിയത്.
ആദ്യ ഓവറിലെ ആദ്യ അഞ്ച് പന്തിലും റണ്‍സൊന്നും പിറന്നിരുന്നില്ല. തന്റെ വേഗം കൊണ്ട് പരീക്ഷിക്കാനൊരുങ്ങിയ ഷഹീനിന് രോഹിത് മറുപടി നല്‍കിയത് തന്റെ എക്‌സ്പീരിയന്‍സ് കൊണ്ടായിരുന്നു. രോഹിത്തിന്റെ ഫ്‌ളിക്കില്‍ ബാക്ക് വാര്‍ഡ് ഫൈന്‍ ലെഗിലൂടെ പന്ത് സിക്‌സറിന് പറക്കുമ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു ഷഹീനിന് സാധിച്ചത്.
അടുത്ത അവസരം ശുഭ്മന്‍ ഗില്ലിനായിരുന്നു. അഫ്രിദിയെറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറി നേടിയ ഗില്‍ അഞ്ചാം ഓവറിലും അതേ നേട്ടം ആവര്‍ത്തിച്ചു.
അതേസമയം, ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 53 റണ്‍സ് എന്ന നിലയിലാണ്. 24 പന്തില്‍ പത്ത് റണ്‍സുമായി രോഹിത് ശര്‍മയും 30 പന്തില്‍ 41 റണ്‍സുമായി ശുഭ്മന്‍ ഗില്ലും ബാറ്റിങ് തുടരുകയാണ്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്.
Content Highlight: Rohit Sharma becomes first batter to hit Shaheen Shah Afridi for a six in the first over of an ODI