ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്ന് ‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മ. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഏറ്റവും വേഗം 2000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സച്ചിനെ മറികടന്ന് ഇന്ന് രോഹിത് സ്വന്തമാക്കിയത്.
സച്ചിന്‍ 40 ഇന്നിങ്‌സുകളില്‍ നിന്ന് ഓസീസിനെതിരേ 2000 റണ്‍സ് നേടിയപ്പോള്‍, 37 ഇന്നിങ്‌സുകളില്‍ നിന്നാണ് 32-കാരനായ രോഹിത് ഈ നേട്ടം കൈവരിച്ചത്. ലോകകപ്പില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ അര്‍ധസെഞ്ചുറി തികച്ച രോഹിത്, ആദ്യ മത്സരത്തില്‍ സെഞ്ചുറിയും നേടിയിരുന്നു.
സച്ചിനും രോഹിതിനും പുറമേ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, മഹേന്ദ്ര സിങ് ധോനി എന്നിവരാണ് ഓസ്‌ട്രേലിയക്കെതിരേ 2000 റണ്‍സ് നേടിയ താരങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. റിച്ചാര്‍ഡ്‌സും കോഹ്‌ലിയും 44 ഇന്നിങ്‌സുകളില്‍ നിന്നും ധോനി 45 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ സ്വന്തമായുള്ള ഏക ബാറ്റ്‌സ്മാനും കൂടിയാണ് രോഹിത്. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും രോഹിതിന്റെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരേ ഒരിന്നിങ്‌സില്‍ 264 റണ്‍സാണ് അദ്ദേഹം നേടിയത്.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 122 റണ്‍സ് നേടിയ രോഹിത്, ഓസീസിനെതിരായ മത്സരത്തില്‍ 57 റണ്‍സാണു നേടിയത്.
രോഹിത് 70 പന്തില്‍ മൂന്ന് ഫോറിന്റെയും ഒരു സിക്സറിന്റെയും സഹായത്തോടെയാണ് 57 റണ്‍സെടുത്തത്.
മത്സരത്തില്‍ ബാറ്റിങ് നിര നിറഞ്ഞാടിയപ്പോള്‍ ഓസീസിനു മുന്നില്‍ 353 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്.
ധവാന്റെ സെഞ്ചുറിക്കരുത്തും ക്യാപ്റ്റന്‍ കോഹ്ലിയുടെ ക്ലാസിക് ബാറ്റിങ്ങും ഇന്ത്യയെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചെങ്കിലും, ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഹാര്‍ദിക് പാണ്ഡ്യയായിരുന്നു മത്സരത്തില്‍ കാണികളെ ഉദ്വേഗഭരിതരാക്കിയത്.
ഓപ്പണര്‍മാര്‍ ഒന്നിച്ച് ഫോമിലേക്കുയര്‍ന്ന മത്സരത്തില്‍ ഇന്ത്യക്കു മികച്ച തുടക്കമാണു ലഭിച്ചത്. രോഹിത് ഈ മത്സരത്തിലും ഫോം നിലനിര്‍ത്തിയപ്പോള്‍, ഒരറ്റത്ത് ശിഖാര്‍ ധവാന്‍ വിമര്‍ശകര്‍ക്കു മറുപടി നല്‍കുകയായിരുന്നു. പാറ്റ് കമ്മിന്‍സിന്റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും പന്തുകളെ മെല്ലെ നേരിട്ടുകൊണ്ടായിരുന്നു രോഹിതും ധവാനും ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്.
തന്റെ കരിയറിലെ 17-ാം സെഞ്ചുറി നേടി ഫോമിലേക്കു തിരിച്ചെത്തിയ ധവാന്‍ 109 പന്തില്‍ 16 ഫോറടക്കം 117 റണ്‍സ് നേടി.
ഇതിനിടെ കോഹ്ലി ഒരറ്റത്ത് തന്റെ ഇന്നിങ്സ് കെട്ടിപ്പടുക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ധവാന്‍ പുറത്തായതിനുശേഷം സ്ഥാനക്കയറ്റം ലഭിച്ച് നാലാമതായി ഇറങ്ങിയ പാണ്ഡ്യ തന്റെ അവതാരോദ്ദേശ്യം പൂര്‍ത്തിയാക്കിയാണു മടങ്ങിയത്. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്സറുമടക്കം 48 റണ്‍സ് നേടിയ പാണ്ഡ്യയുടെ ബാറ്റിന്റെ ചൂടറിയാത്ത ഓസീസ് ബൗളര്‍മാരില്ല. ആദ്യ പന്തില്‍ പാണ്ഡ്യ നല്‍കിയ അവസരം പാഴാക്കിയ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരി ഇപ്പോള്‍ ഖേദിക്കുന്നുണ്ടാകുമെന്നുറപ്പ്.
അതിനിടെ ആദ്യം ധവാനൊപ്പവും പിന്നീട് പാണ്ഡ്യക്കൊപ്പവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കോഹ്ലി, 77 പന്തില്‍ നാല് ഫോറും രണ്ട് സിക്സറും അടക്കമായിരുന്നു 82 റണ്‍സ് നേടിയത്.
അതിനിടെ ക്രീസിലെത്തി 14 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 27 റണ്‍സ് നേടി മടങ്ങിയ ധോനി, പാണ്ഡ്യ ഉയര്‍ത്തിയ റണ്‍നിരക്ക് നിലനിര്‍ത്തി. അവസാന ഓവറില്‍ മൂന്ന് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ലോകേഷ് രാഹുല്‍ ഇന്ത്യയുടെ സ്‌കോര്‍ 350 കടത്തി.
നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍, അഫ്ഗാനിസ്താനെ തകര്‍ത്തും വെസ്റ്റ് ഇന്‍ഡീസിനെതിരേ പൊരുതിയും ജയിച്ചാണ് ഓസ്‌ട്രേലിയ എത്തുന്നത്.