| Sunday, 16th July 2023, 8:31 am

ചരിത്രത്തിലാദ്യം 🔥 🔥; സിക്‌സറിന്റെ എണ്ണത്തില്‍ ഹിറ്റ്മാന് മുമ്പില്‍ ഗെയ്ല്‍ ഒന്നുമല്ലാതാകുന്ന നിമിഷം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ പടുകൂറ്റന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ ഇന്നിങ്‌സിനും 141 റണ്‍സിനും ഇന്ത്യ വിജയം പിടിച്ചടക്കിയിരുന്നു.

ബൗളിങ്ങില്‍ അശ്വിനും ജഡേജയും തിളങ്ങിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ യശസ്വി ജെയ്‌സ്വാളിന്റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും സെഞ്ച്വറികള്‍ ഇന്ത്യക്ക് തുണയായി.

കരിയറിലെ പത്താമത് ടെസ്റ്റ് സെഞ്ച്വറി നേടിയ രോഹിത്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

221 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറും നേടിയാണ് രോഹിത് സെഞ്ച്വറി (103) തികച്ചത്. ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം തന്റെ പേരില്‍ എഴുതിച്ചേര്‍ക്കാനും രോഹിത് ശര്‍മക്കായി. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വിജയിക്കുന്ന മത്സരത്തില്‍ 400 സിക്‌സര്‍ തികയ്ക്കുന്ന ആദ്യ താരമായി മാറിയാണ് രോഹിത് റെക്കോഡ് ബുക്കില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്.

ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഷാഹിദ് അഫ്രിദിയേക്കാള്‍ ബഹുദൂരം മുമ്പിലാണ് ഇന്ത്യന്‍ നായകന്‍.

വിജയിക്കുന്ന മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങള്‍

രോഹിത് ശര്‍മ – 401*

ഷാഹിദ് അഫ്രിദി – 299

ക്രിസ് ഗെയ്ല്‍ – 276

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 443 മത്സരത്തിലെ 463 ഇന്നിങ്‌സില്‍ നിന്നുമായി 531 സിക്‌സറാണ് രോഹിത് നേടിയത്. 553 സിക്‌സറുമായാണ് ക്രിസ് ഗെയ്ല്‍ ഒന്നാമത് നില്‍ക്കുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 74 സിക്‌സറാണ് രോഹിത്തിന്റെ സമ്പാദ്യം. നിലവില്‍ 15ാം സ്ഥാനത്താണ് രോഹിത്. 123 സിക്‌സറുമായി ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്‌റ്റോക്‌സാണ് ഒന്നാം സ്ഥാനത്ത്.

അതേസമയം, ആദ്യ ടെസ്റ്റില്‍ വിജയിച്ചതിന് പിന്നാലെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും 2002ന് ശേഷം വിന്‍ഡീസിനോട് ഒറ്റ ടെസ്റ്റില്‍ പോലും പരാജയപ്പെട്ടിട്ടില്ല എന്ന നേട്ടം കാത്തുസൂക്ഷിക്കാനും ഇന്ത്യക്കായി.

ജൂലൈ 20നാണ് പരമ്പരയിലെ രണ്ടാം മത്സരം. ക്യൂന്‍സ് പാര്‍ക്ക് ഓവലാണ് വേദി.

Content highlight: Rohit Sharma becomes 1st player in international cricket history to hit 400 sixes in won matches

We use cookies to give you the best possible experience. Learn more