ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
വിരാട് കോഹ്‌ലിക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി മാറാൻ രോഹിതിന് സാധിച്ചു.
കൊളംബോയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഇന്ത്യ 22 റൺസിലെത്തിനിൽക്കുമ്പോഴാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന പതിനഞ്ചാമത്തെ താരവും, ആറാമത്തെ ഇന്ത്യൻ താരവും ആവാൻ ഹിറ്റ്മാന് സാധിച്ചു.
രോഹിത് ശർമ തന്റെ 241-ാം ഏകദിന ഇന്നിങ്‌സിലാണ് പുതിയ നാഴികക്കല്ല് കീഴടക്കിയത്. 2007ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച രോഹിത് 3 ഡബിൾ സെഞ്ച്വറികളും, 30 സെഞ്ച്വറികളും, 50 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.
വേഗമേറിയ 10,000 ഏകദിന റൺസ്
വിരാട് കോഹ്‌ലി- 2018 – 205 ഇന്നിങ്‌സ്
രോഹിത് ശർമ – 2023 – 241 ഇന്നിങ്‌സ്
സച്ചിൻ ടെണ്ടുൽക്കർ – 2001 – 259 ഇന്നിങ്‌സ്
സൗരവ് ഗാംഗുലി – 2005 – 263 ഇന്നിങ്‌സ്
റിക്കി പോണ്ടിങ് – 2007- 265 ഇന്നിങ്‌സ്
Content Highlight: Rohit Sharma became the second player to score ten thousand runs in ODIs