| Monday, 11th July 2022, 8:57 am

ആര് തള്ളിപ്പറഞ്ഞാലും നിനക്ക് വേണ്ടി ഞാനുണ്ടാവും, പുറത്തുള്ളവര്‍ക്ക് ഇതൊന്നും മനസിലാവില്ല; വിരാടിന് വേണ്ടി കപില്‍ ദേവ്, ആകാശ് ചോപ്ര എന്നിവരടക്കമുള്ളവരെ കടന്നാക്രമിച്ച് രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഫോം ഔട്ട് ആയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വിമര്‍ശിക്കുന്നത് ചിലര്‍ക്ക് ഒരു ഹരമായി മാറിയിരിക്കുകയാണ്. കണക്കുകള്‍ നിരത്തിയുള്ള വിമര്‍ശനത്തിന് പുറമെ വ്യക്തിഹത്യയിലേക്കും കോഹ്‌ലി വിരോധം വഴിമാറിയിട്ടുണ്ട്.

ഇതിന് പുറമെ പല മുന്‍ താരങ്ങളും വിരാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിരാടിനെ ടീമില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സെലക്ടര്‍മാര്‍ തയ്യാറാവണമെന്ന അഭിപ്രായവുമായി ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് എത്തിയപ്പോള്‍, വിരാടിനെ ടീമിലെടുക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല എന്ന അഭിപ്രായമായിരുന്നു മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാനുണ്ടായിരുന്നത്.

കഴിഞ്ഞ രണ്ട് ടി-20 മത്സരത്തിലും തപ്പിത്തടഞ്ഞപ്പോള്‍ വിമര്‍ശനത്തിന്റെ ആക്കം കൂടി. എന്നാലിതാ, തന്റെ സുഹൃത്തിനെ പിന്താങ്ങിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് നായകന്‍ രോഹിത് ശര്‍മ.

വിരാടിനെ താനും ടീമും എന്തുവന്നാലും പിന്തുണയ്ക്കുമെന്നും രോഹിത് ശര്‍മ പറഞ്ഞു.

‘എന്തിന്റെ അടിസ്ഥാനത്തിലാണ് അവരെ വിദഗ്ധര്‍ എന്നുവിളിക്കുന്നത് എന്നെനിക്ക് മനസിലാവുന്നില്ല. അവര്‍ക്കറിയില്ല ടീമിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന്. ഞങ്ങള്‍ ടീമംഗങ്ങള്‍ പരസ്പരം ഡിസ്‌കസ് ചെയ്ത ശേഷമാണ് ടീം പ്രഖ്യാപിക്കുന്നത്. ഞങ്ങള്‍ താരങ്ങളെ തെരഞ്ഞെടുക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യും.

പുറത്തുള്ളവര്‍ക്ക് ഇതൊന്നും മനസിലാവണമെന്നില്ല. ഞങ്ങളെ സംബന്ധിച്ച് ടീമിനുള്ളില്‍ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രധാനം.

ഞങ്ങള്‍ വിരാടിനെ പിന്തുണയ്ക്കുക തന്നെ ചെയ്യും. അവന്‍ ഏറെ കാലമായി ഇന്ത്യക്കായി സ്ഥിരതയോടെ കളിച്ചവനാണ്. ഓന്നോ രണ്ടോ മത്സരമോ അല്ലെങ്കില്‍ പരമ്പരയോ ഏതൊരാള്‍ക്കും മോശമായേക്കാം. ഞങ്ങള്‍ അവന്റെ ക്വാളിറ്റിയിലാണ് വിശ്വസിക്കുന്നത്,’ രോഹിത് ശര്‍മ പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടി-20 മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. 17 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഇന്ത്യന്‍ നിരയില്‍ സ്റ്റാര്‍ ബൗളര്‍മാര്‍ ഇല്ലാത്തത് മുതലാക്കി ബാറ്റര്‍മാര്‍ ഉണര്‍ന്നുകളിച്ചതോടെ ഇംഗ്ലണ്ട് സ്‌കോര്‍ പറപറന്നു. ഡേവിഡ് മലനിന്റെയും ലിയാം ലിവിങ്സ്റ്റണിന്റെയും ഹാര്‍ഡ് ഹിറ്റിങ്ങിന് മുമ്പില്‍ ഇന്ത്യയ്ക്ക് ഉത്തരമുണ്ടായില്ല.

എന്നാല്‍ ഇന്ത്യന്‍ നിരയില്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയ്ക്ക് തുണയാകുമെന്ന് കരുതിയെങ്കിലും ഒരാള്‍ പോലും പിന്തുണയ്ക്കാനില്ലാതെ വന്നതോടെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.

അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.

ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഓവലാണ് മത്സരവേദി.

Content Highlight: Rohit Sharma Backs Virat Kohli, Gives Befitting Reply To Kapil Dev and  Akash Chopra

We use cookies to give you the best possible experience. Learn more