ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ലങ്ക ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്.
ലങ്കയ്‌ക്കെതിരെയുള്ള ആദ്യ ഏകദിനം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇടിവെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ രണ്ട് ഏകദിനത്തിലും താരത്തിന് തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറിയുംം നേടാന്‍ സാധിച്ചിരുന്നു.
ഇപ്പോള്‍ ഐ.സി.സിയുടെ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പാണ് ഹിറ്റ്മാന്‍ നടത്തിയത്. ഇന്ത്യന്‍ സ്റ്റാര്‍ താരം വിരാട് കോഹ്‌ലിയെ പിന്നിലാക്കി മൂന്നാം സ്ഥാനത്ത് എത്താനാണ് താരത്തിന് സാധിച്ചത്. നിലവില്‍ ഒന്നാം സ്ഥാനത്ത് 824 റേറ്റിങ് പോയിന്റുമായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ്.
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും നിലവിലെ വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍ 782 പോയിന്റാണ് സ്വന്തമാക്കിയത്. രോഹിത് ശര്‍മ 763 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ വിരാട് 752 പോയിന്റുമായി നാലാം സ്ഥാനത്താണ്.
നിലവില്‍ ലങ്കയും ഇന്ത്യയും തമ്മിലുള്ള മത്സരം പുരോഗമിക്കുമ്പോള്‍ 45 ഓവര്‍ പിന്നിട്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് ലങ്ക നേടിയത്. ഓപ്പണര്‍മാരായ പാതും നിസങ്ക 45 റണ്‍സും അവിഷ്‌ക ഫെര്‍ണാണ്ടോ 96 റണ്‍സും നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്.