| Thursday, 13th July 2023, 9:18 pm

നീണ്ട 13 ടെസ്റ്റിന് ശേഷം ഒടുവില്‍ അത് സംഭവിച്ചു; കുതിച്ച് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച രീതിയില്‍ ബാറ്റിങ് തുടരുകയാണ്. വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ഇരുവരും അര്‍ധ സെഞ്ച്വറി തികച്ചിരിക്കുകയാണ്.

നിലവില്‍ 41 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 121 റണ്‍സാണ് നേടിയിരിക്കുന്നത്. 131 പന്തില്‍ നിന്നും 55 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 115 പന്തില്‍ നിന്നും 52 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍ തുടരുന്നത്.

ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ പുതിയൊരു ഓപ്പണിങ് പെയറിന് കൂടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന് പുറമെ ഏറെ നാളായി ഓപ്പണിങ്ങിലെ വലിയൊരു പോരായ്മ പരിഹരിക്കാനും ഇരുവര്‍ക്കുമായി.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

നീണ്ട 13 ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഓപ്പണിങ്ങില്‍ സെഞ്ച്വറി കൂട്ടുകെട്ട് പിറക്കുന്നത്. 2021 ഡിസംബറില്‍ ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം 2023 ജൂലൈയിലാണ് ആദ്യ വിക്കറ്റില്‍ മറ്റൊരു സെഞ്ച്വറി കൂട്ടുകെട്ട് പിറക്കുന്നത്. ഇതിന് മുമ്പ് ആദ്യ ഇന്നിങ്‌സിലോ രണ്ടാം ഇന്നിങ്‌സിലോ ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പിറന്നിരുന്നില്ല.

2021-2022ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് ഇതിന് മുമ്പ് ഓപ്പണിങ് ജോഡികള്‍ ചേര്‍ന്ന് സെഞ്ച്വറി തികച്ചത്. കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്നാണ് ആദ്യ വിക്കറ്റില്‍ ട്രിപ്പിള്‍ ഡിജിറ്റ് തികച്ചത്.

116 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 123 പന്തില്‍ നിന്നും 60 റണ്‍സ് നേടിയ അഗര്‍വാളിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ലുങ്കി എന്‍ഗിഡിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

ഇതിന് ശേഷം ഓപ്പണിങ്ങില്‍ പല കൂട്ടുകെട്ടുകള്‍ ഇന്ത്യ മാറി മാറി പരിക്ഷിച്ചെങ്കിലും ഒന്നുപോലും സ്ഥിരതയോടെ മികച്ച പ്രകടനം പുറത്തെടുത്തില്ല. എന്നാല്‍ അരങ്ങേറ്റക്കാരനായ ജെയ്‌സ്വാളും ക്യാപ്റ്റനും ചേര്‍ന്ന് ആദ്യ വിക്കറ്റ് കൂട്ടുകെട്ട് ഗ്രാന്‍ഡാക്കുകയായിരുന്നു.

തന്റെ ആദ്യ മത്സരത്തില്‍ തന്നെ ജെയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ തന്റെ 15ാം അര്‍ധ സെഞ്ച്വറിയാണ് രോഹിത് വിന്‍ഡീസിനെതിരെ കുറിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് 150 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റ് നേട്ടവുമായി ആര്‍. അശ്വിന്‍ ആറാടിയ മത്സരത്തില്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജും ഷര്‍ദുല്‍ താക്കൂറും ചേര്‍ന്നാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്.

Content Highlight: Rohit Sharma and Yashaswi Jaiswal scripts century partnership in 1st wicket

We use cookies to give you the best possible experience. Learn more